“എന്റെയൊപ്പം അവനാവും ഓപ്പണിങ് ഇറങ്ങുക” കോഹ്ലിയോ രാഹുലോ? ഹിറ്റ്‌മാൻ പറഞ്ഞത് കേട്ടോ

   

ഇന്ത്യൻ ടീമിലെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പോസിഷനെ സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഉയരുകയുണ്ടായി. ഏഷ്യാകപ്പിൽ അഫ്ഗാൻ ടീമിനെതിരെ കോഹ്ലി ഒരു തട്ടുപൊളിപ്പൻ സെഞ്ചുറി നേടിയതോടെ പല മുൻ ക്രിക്കറ്റർമാരും കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നതിനെപറ്റി സംസാരിക്കുകയുമുണ്ടായി. നിലവിൽ കേ എൽ രാഹുലും ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ഇന്ത്യയുടെ പ്രധാന ഓപ്പണർമാർ. എന്നാൽ ഈ ചർച്ചകൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇപ്പോൾ. ഇന്ത്യയെ സംബന്ധിച്ച് വിരാട് കോലി ഒരു മൂന്നാം ഓപ്പണറാണ് എന്നാണ് രോഹിത് പറഞ്ഞുവയ്ക്കുന്നത്.

   

സാധാരണയായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന കോഹ്ലി രോഹിത്തിനോ രാഹുലിനോ പരിക്കുപറ്റിയാൽ മാത്രമാകും ഓപ്പണറായി ഇറങ്ങുക എന്ന സൂചനയാണ് രോഹിത് ശർമ ഇപ്പോൾ നൽകുന്നത്. “വിരാട് കോഹ്ലിയെ ഓപ്പണിങ്ങിറക്കുക എന്നത് ഒരു ഓപ്ഷൻ തന്നെയാണ്. ഞങ്ങളുടെ മനസ്സിൽ അതുണ്ട്. അദ്ദേഹം ഐപിഎല്ലിൽ തന്റെ ഫ്രാഞ്ചൈസിക്കായി ഓപ്പണിങ്ങിറങ്ങി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച കളിക്കാരൻ തന്നെയാണ്. അതിനാൽതന്നെ അങ്ങനെയൊരു ഓപ്ഷൻ മുമ്പിലുണ്ട്.”- രോഹിത് പറഞ്ഞു.

   

“നിലവിൽ വിരാട് ഇന്ത്യയുടെ മൂന്നാം ഓപ്പണർ ആണ്. ചില മത്സരങ്ങളിൽ വിരാട് ഓപ്പൺ ചെയ്തേക്കും. ഏഷ്യാകപ്പിലെ അവസാന മത്സരത്തിൽ ഓപ്പണറായിറങ്ങിയ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു. എന്നിരുന്നാലും ലോകകപ്പിൽ കേ എൽ രാഹുൽ തന്നെയാവും ഓപ്പൺ ചെയ്യുക. ആ പൊസിഷനിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്താൻ ഞങ്ങൾ ശ്രമിക്കില്ല.”- രോഹിത് കൂട്ടിച്ചേർക്കുന്നു.

   

നാളെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരം നടക്കുക. മോഹാലിയിൽ നടക്കുന്ന മത്സരം വൈകിട്ട് 7 30നാണ് ആരംഭിക്കുക. ലോകകപ്പിനുള്ള മത്സരമായതിനാൽ തന്നെ പ്രാധാന്യമേറെയാണ്. ഇന്ത്യയുടെ മുൻനിര മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *