നന്നായി കളിച്ചാലും ഇല്ലെങ്കിലും മൈതാനത്ത് അയാൾ ഒരേപോലെ ധോണി എന്ന സംഭവം : ആരോൺ

   

തന്റെ ബോളിങ് സ്പീഡ് കൊണ്ടും മികച്ച പ്രകടനങ്ങൾ കണ്ടും ശ്രദ്ധ നേടി ഇന്ത്യൻ ടീമിന്റെ സാന്നിധ്യമായി മാറിയ ബോളറായിരുന്നു വരുൺ ആരോൺ. അവസാനമായി ആരോൺ ഇന്ത്യക്കായി കളിച്ചത് 2015 ലായിരുന്നു. അതിനുശേഷം പരിക്കുകൾ പിടിപെട്ടതിനാൽ ആരോണ് ഇന്ത്യയുടെ ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കാതെ വന്നു. നിലവിൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് ശ്രമിക്കുകയാണ് ആരോൺ. ജാർഖണ്ഡ് മുൻ കളിക്കാരനും ഇന്ത്യയുടെ മുൻ ക്യാപ്റ്റനുമായ എംഎസ് ധോണിയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ അറിയിച്ചിരിക്കുകയാണ് ആരോൺ ഇപ്പോൾ. ധോണിയെ പോലെ ലളിതനായ മറ്റൊരു ക്രിക്കറ്ററെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ആരോൺ പറയുന്നത്.

   

“ഞാൻ ഇന്ത്യയ്ക്കായി ആദ്യമത്സരം കളിക്കുമ്പോൾ ധോണിയായിരുന്നു ടീം ക്യാപ്റ്റൻ. ശേഷമാണ് ആദ്യമായി അദ്ദേഹത്തോടൊപ്പം ഞങ്ങളുടെ സംസ്ഥാനത്തിനായി കളിക്കുന്നത് . ഞാൻ അണ്ടർ 14 കളിക്കുമ്പോഴായിരുന്നു ധോണി ഇന്ത്യൻ നിരയിൽ കളിച്ചിരുന്നത്. അതിനാൽ ഇന്ത്യൻ ടീമിൽ കളിക്കുന്നതു വരെ അദ്ദേഹത്തെ കാണാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല.”- വരുൺ ആരോൺ പറയുന്നു.

   

“അദ്ദേഹത്തെ കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടുകയാണുണ്ടായത്. ഇത്രമാത്രം സിമ്പിളായ സമീപനം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ ബുദ്ധിപരമായ നീക്കങ്ങളിൽ പലതും നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറം തന്നെയാണ്. അദ്ദേഹത്തിൽ നിന്ന് ഞാൻ ഉൾക്കൊള്ളണമെന്ന് ആഗ്രഹിച്ച ഒരു സ്വഭാവഗുണമുണ്ടായിരുന്നു. ഏതു സാഹചര്യത്തിലുമുള്ള അദ്ദേഹത്തിന്റെ ശാന്തത. അദ്ദേഹം നന്നായി കളിച്ചാലും കളിച്ചില്ലെങ്കിലും ഒരേപോലെ തന്നെയാണ് മൈതാനത്ത് നമുക്ക് കാണാനാവുന്നത്.

   

അദ്ദേഹത്തിന്റെ പ്രകടനം അദ്ദേഹത്തിന്റെ ആറ്റിട്യൂടിനെ ഒരിക്കലും ബാധിക്കുന്നില്ല. പലരും മാതൃകയാക്കേണ്ട ഒരു സ്വഭാവഗുണം തന്നെയാണത്. ” വരുൺ ആരോൺ കൂട്ടിച്ചേർക്കുന്നു. ഇന്ത്യൻ ടീമിലെ മറ്റു താരങ്ങളും മുൻപ് ധോണിയുടെ സ്വഭാവഗുണങ്ങളെപ്പറ്റി പറയുകയുണ്ടായി. മത്സരരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും പല കളിക്കാർക്കും മാതൃക കൂടിയാണ് എംഎസ് ധോണി എന്നതിന്റെ സൂചനകളാണ് ഈ വാക്യങ്ങളിൽ നിഴലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *