(Video)കണ്ണഞ്ചിപ്പിക്കുന്ന ക്ലാസ്സ്‌ ഷോട്ടുകളും പുൾ ഷോട്ടുകളുമായി കോഹ്ലി നെറ്റ്സിൽ ഓസ്ട്രേലിയ ഇത്തവണ കുറച്ചു പാടുപെടും

   

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നു ട്വന്റി20കൾ അടങ്ങുന്ന പരമ്പര നാളെ ആരംഭിക്കുകയാണ്. മൊഹാലിയിൽ വൈകിട്ട് 7 30നാണ് മത്സരം നടക്കുക. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിയാണ് നെറ്റ് പരിശീലനത്തിനായി ആദ്യമിറങ്ങിയ താരം. നെറ്റ്സിൽ 45 മിനിറ്റുകളോളം കോഹ്ലി കഴിഞ്ഞദിവസം ചിലവഴിക്കുകയുണ്ടായി. ഇതിന്റെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

   

ക്ലാസിക് ഷോട്ടുകൾ കളിക്കുന്ന വിരാട് കോഹ്ലിയെയാണ് നമുക്ക് വീഡിയോയിൽ കാണാനാവുന്നത്. 45 മിനിറ്റുകൾ നീണ്ടുനിന്ന പരിശീലനത്തിൽ ഫാസ്റ്റ് ബോളർമാർക്കെതിരെ പുൾ ഷോട്ടുകൾ കളിക്കാനാണ് കോഹ്ലി കൂടുതലായി ശ്രമിച്ചത്. ഇതിനോടൊപ്പം സ്പിന്നർമാർക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന കോഹ്ലിയെയും വീഡിയോയിൽ കാണാനാവും. സ്പിൻ ബൗളർമാരെ ക്രീസിനു വെളിയിലേക്കിറങ്ങിയാണ് കോഹ്ലി നേരിട്ടത്.

   

കോഹ്ലിയുടെ അഫ്ഗാനിസ്ഥാനെതിരായ സെഞ്ച്വറിയിൽ ഏറ്റവുമധികം പ്രകടമായത് മുൻപിലേക്ക് ഇറങ്ങിയുള്ള ഷോട്ടുകളും പുൾ ഷോട്ടുകളുമായിരുന്നു. അതുതന്നെ പരിശീലിക്കാനാണ് കോഹ്ലി കൂടുതൽ സമയം കണ്ടെത്തിയത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ തങ്ങളുടെ ഓഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോഹ്ലിയുടെ ഈ പരിശീലനം വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് കോഹ്ലിയുടെ ഫോം നിലവിലെ സാഹചര്യത്തിൽ വളരെ നിർണായകം തന്നെയാണ്.

   

കഴിഞ്ഞ ഏഷ്യാകപ്പിലൂടെയായിരുന്നു വിരാട് കോഹ്ലി തന്റെ പ്രതാപകാല ഫോമിലേക്ക് തിരിച്ചെത്തിയത്. വിമർശനങ്ങൾക്കു നടുവിൽ നിന്നും ടീമിലെത്തിയ കോഹ്ലി തെല്ലു ഭയം കാട്ടാതെ ഏഷ്യാകപ്പിൽ എല്ലാ ബോളർമാരെയും അടിച്ചു തൂക്കുകയായിരുന്നു. പല മത്സരങ്ങളിലും ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്ന കോഹ്ലി വരാൻ പോകുന്ന പരമ്പരകളിലും ലോകകപ്പിലും ഇതേ പ്രകടനങ്ങൾ ആവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.