“എനിക്ക് സെഞ്ച്വറി വേണ്ട, എന്റെ ടീം ജയിച്ചാൽ മത” ഈ കിഷനെയാണ് നമുക്കാവശ്യം

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ ബാറ്റർമാരായ ഇഷാൻ കിഷനും ശ്രേയസ് അയ്യരും കാഴ്ചവച്ചത്. ആദ്യ മത്സരത്തിന് ശേഷം സ്ട്രൈക്ക് റേറ്റിന്റെ പേരിൽ ഒരുപാട് പഴികേട്ട ഇഷാന്റെ വമ്പൻ തിരിച്ചുവരവ് തന്നെയാണ് രണ്ടാം മത്സരത്തിൽ കണ്ടത്. മത്സരത്തിൽ 84 പന്തുകളിൽ 93 റൺസാണ് കിഷൻ നേടിയത്. മാത്രമല്ല മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം ചേർന്ന് 161 റൺസും കിഷൻ കൂട്ടിച്ചേർക്കുകയുണ്ടായി മത്സരത്തിൽ തനിക്ക് സെഞ്ച്വറി നേടാനായില്ലെങ്കിലും ടീമിന്റെ വിജയത്തിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നാണ് മത്സരശേഷം കിഷൻ പറഞ്ഞത്.

   

മത്സരത്തിൽ ഇന്ത്യ 48 ന് 2 എന്ന നിലയിൽ തകർന്നു നിൽക്കുമ്പോഴായിരുന്നു ഇഷാൻ കിഷൻ ക്രീസിൽ എത്തിയത്. മോശം ബോളുകളെ അടിച്ചകറ്റി ദക്ഷിണാഫ്രിക്കൻ ബോളിഗ് നിരയെ പൂർണമായി സമ്മർദ്ദത്തിലാക്കാനാണ് താൻ ശ്രമിച്ചതെന്നാണ് ഇഷാൻ കിഷൻ പറയുന്നത്. “നിർഭാഗ്യവശാൽ എനിക്ക് സെഞ്ച്വറി നഷ്ടമായി. എന്നിരുന്നാലും മത്സരത്തിൽ ടീം വിജയിച്ചതിൽ അതിയായ സന്തോഷമുണ്ട്.

   

ഇവിടെ പുതിയൊരു ബാറ്റർക്ക് റൺസ് നേടുക എന്നത് അനായാസമല്ല. അതിനാൽതന്നെ ദക്ഷിണാഫ്രിക്കൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.”- കിഷൻ പറയുന്നു. ഇതോടൊപ്പം മത്സരത്തിലെ ബാറ്റിംഗ് തന്ത്രത്തെക്കുറിച്ചും കിഷൻ പറയുകയുണ്ടായി. “എന്റെ നെഞ്ചിന് നേരെ വരുന്ന മുഴുവൻ ബോളുകളിലും പുൾ ഷോട്ട് കളിക്കാൻ ഞാൻ തയ്യാറായി. അതാണ് മത്സരത്തിൽ വിജയമായതും.”- കിഷൻ കൂട്ടിച്ചേർത്തു.

   

പരമ്പരയിലെ ആദ്യ മത്സരത്തിൽ 37 പന്തുകളിൽ 20 റൺസ് മാത്രം നേടാനെ കിഷന് സാധിച്ചിരുന്നുള്ളൂ. അതിന്റെ പേരിൽ കിഷൻ ഒരുപാട് വിമർശനങ്ങൾ കേൾക്കുകയുണ്ടായി. എന്നാൽ രണ്ടാം മത്സരത്തിൽ തന്റെ കരിയറിലെ തന്നെ ഉയർന്ന സ്കോറുമായി തിരിച്ചുവന്നിരിക്കുകയാണ് കിഷൻ.

Leave a Reply

Your email address will not be published. Required fields are marked *