ചില 90കൾക്ക് സെഞ്ച്വറിയെക്കാൾ മധുരമാണ് ഇഷാൻ കിഷന് ആശംസകളുമായി ട്വിറ്റെർ ലോകം

   

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷൻ കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടിയ ദക്ഷിണാഫ്രിക്കയുടെ കയ്യിൽ നിന്ന് പൂർണമായും വിജയം തട്ടിയെടുക്കാൻ കിഷന് സാധിച്ചു. മത്സരത്തിൽ തകർപ്പൻ സിക്സറുകൾ നേടി ആരാധകരെയും കിഷൻ കയ്യിലെടുത്തിരുന്നു. ദക്ഷിണാഫ്രിക്കൻ ബോളർ ആൻറിച്ച് നോർക്യയെയാണ് ഇഷാൻ പല തവണ സിക്സർ പറത്തിയത്. എന്നാൽ അർഹതപ്പെട്ട സെഞ്ച്വറി നേടാനാവാതെ പോയത് കിഷന് തിരിച്ചടിയായി.

   

279 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി ശ്രേയസ് അയ്യര്‍ക്കൊപ്പം ചേർന്ന് വമ്പൻ കൂട്ടുകെട്ടായിരുന്നു ഇഷൻ കിഷൻ കെട്ടിപ്പടുത്തത്. എന്നിരുന്നാലും തന്റെ ആദ്യ സെഞ്ചുറി നേടാനാവാതെ വന്നത് ദൗർഭാഗ്യമായി തന്നെ നിൽക്കുന്നു. എന്നാൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് തന്നെയാണ് കിഷൻ മത്സരത്തിൽ കാഴ്ചവച്ചത്. ഇതിനെ പ്രശംസിച്ച് പല മുൻ ക്രിക്കറ്റർമാരും ആരാധകരും രംഗത്ത് വരികയുണ്ടായി.

   

ഇന്ത്യയുടെ ഓൾറൗണ്ടർ ഹർദിക് പാണ്ട്യയും ഷെയ് ഹോപ്പുമാണ് ഇഷാൻ കിഷനെ അഭിനന്ദിച്ച് ആദ്യം രംഗത്ത് വന്നത്. ശേഷം ആരാധകരും പിന്നാലെയെത്തി. പല സെഞ്ച്വറികളെക്കാളും മാധുര്യമേറിയതാണ് ഇഷാൻ കിഷന്റെ ഈ ഇന്നിങ്സ് എന്നാണ് ആരാധകർ തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ കുറിച്ചത്. ചില സമയങ്ങളിൽ 40കളും 90കളുമാണ് ഏറ്റവും സ്പെഷ്യലെന്ന് ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നു. ‘7 റൺസ് ഓർത്ത് വിഷമിക്കേണ്ട, താങ്കളുടെ ആ 93 റൺസിനും വലുതല്ല അത്’ എന്നും ആരാധകർ പറയുന്നു.

   

മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയ കിഷൻ തന്റെ ഇന്നിംഗ്സ് വളരെ പതിയായിരുന്നു ആരംഭിച്ചത്. ശേഷം ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് എത്തിയതോടെ കിഷൻ അടിച്ചുതൂക്കാൻ തുടങ്ങുകയായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബോളർമാരും കിഷന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *