ആരാടാ രണ്ടാം നിര! ഇത് ഒരൊന്നൊന്നര നിരയാ ആഫ്രിക്കക്കാരെ പഞ്ഞിക്കിട്ട് അയ്യരും കിഷനും

   

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മിന്നും വിജയം. ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ചുറിയുടെയും, ഇഷാൻ കിഷന്റെ വെടിക്കെട്ട് പവർഹീറ്റിങ്ങിന്റെയും ബലത്തിലാണ് ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ വമ്പൻ സ്കോർ ഇരുവരുടെയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

   

തങ്ങളുടെ ഇന്നിംഗ്സിന്റെ ആദ്യസമയത്ത് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർ ഡികോക്കിനെ നഷ്ടമായിരുന്നു. എന്നാൽ മൂന്നാമനായി ഇറങ്ങിയ റീസ ഹെൻട്രിക്സ്(74) മലനൊപ്പം ചേർന്ന് റൺസുയർത്തി. മലനുശേഷം നാലാം വിക്കറ്റിൽ മാക്രവും അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ഇന്ത്യ പതുങ്ങി. ഒരു സമയത്ത് ദക്ഷിണാഫ്രിക്കൻ സ്കോർ 300ന് മുകളിൽ എത്തുമെന്ന് പോലും തോന്നിയിരുന്നു. എന്നാൽ അവസാന ഓവറുകളിൽ അവിസ്മരണീയമായി ഇന്ത്യൻ ബോളർമാർ മത്സരത്തിലേക്ക് തിരികെവന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

   

279 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം എത്ര മികച്ചതായിരുന്നില്ല. ഇന്ത്യക്ക് തങ്ങളുടെ ഓപ്പണർമാരെ ആദ്യമായി നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യരും ഇന്ത്യക്കായി വമ്പൻ പ്രകടനങ്ങൾ തന്നെ കാഴ്ചവച്ചു. ശ്രേയസ് അയ്യർ തന്റെ ക്ലാസ്സ് ഷോട്ടുകൾ കൊണ്ട് മത്സരത്തെ നിയന്ത്രിച്ചപ്പോൾ ഇഷാൻ കിടിലൻ സിക്സറുകൾ നേടി ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കി. മത്സരത്തിൽ 111 പന്തുകളിൽ 15 ബൗണ്ടറികളുടെ അകമ്പടിയോടെ 113 റൺസാണ് അയ്യർ നേടിയത്. 84 പന്തുകളിൽ നാലു ബൗണ്ടറികളുടെയും ഏഴ് സിക്സറുകളുടെയും അകമ്പടിയോടെ 93 റൺസായിരുന്നു കിഷന്റെ സമ്പാദ്യം.

   

കിഷൻ പുറത്തായശേഷം ക്രീസിലെത്തിയ സഞ്ജുവിന് വലുതായി ഒന്നും ചെയ്യേണ്ടി വന്നില്ല. അങ്ങനെ 25 പന്തുകൾ ശേഷിക്കെ ഇന്ത്യ ഏഴ് വിക്കറ്റിന് മത്സരത്തിൽ വിജയം കണ്ടു. ഇതോടെ ഏകദിനപരമ്പര 1-1 എന്ന നിലയിൽ സമനിലയിലായിട്ടുണ്ട്. പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *