ഇന്ത്യൻ ബാറ്റിംഗ് നിരയെ സംബന്ധിച്ച് പ്രധാനപ്പെട്ട പല ചോദ്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇന്ത്യയുടെ മുൻനിര ഏകദേശം ക്രമീകരിക്കപ്പെട്ട സാഹചര്യത്തിൽ വിക്കറ്റ്കീപ്പർ പന്തിനെ ഏത് പൊസിഷനിൽ കളിപ്പിക്കണം എന്നത് ആശങ്കയായി നിലനിൽക്കുന്നു. മുൻനിരയിൽ ബാറ്റ് ചെയ്യാൻ പന്ത് അർഹനാണെങ്കിലും അതിനുള്ള സ്ലോട്ട് ഇന്ത്യൻ ടീമിലില്ല എന്നതാണ് വസ്തുത. ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന്റെ ബാറ്റിംഗ് പോസിഷനെ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ മക്കായ എൻടിനിയാണ്.
ഇന്ത്യയുടെ ടി20 ടീമിൽ പന്ത് എവിടെ കളിക്കണമെന്നത് സംബന്ധിച്ച് തന്റെ ആശങ്കയാണ് മക്കായ എൻടിനി പങ്കുവയ്ക്കുന്നത്. “പരമ്പരയിലെ മൂന്നാം ട്വന്റി20യിലാണ് പന്ത് ആദ്യമായി ബാറ്റ് ചെയ്തത്. ഏത് ബാറ്റിംഗ് പൊസിഷനാണ് അയാൾക്ക് യോജിച്ചത്? ഇതൊരു ചോദ്യമായി തന്നെ നിലനിൽക്കുന്നു. ഇന്ത്യൻ നിരയെ സംബന്ധിച്ച് ഒരുപാട് ബാറ്റർമാരുണ്ട്. അതിനാൽ ചില സമയങ്ങളിൽ പന്ത് ഓപ്പൺ ചെയ്യാറുണ്ട്. എന്നാൽ വേണ്ടവിധമുള്ള പ്രകടനങ്ങൾ കാഴ്ചവെച്ചില്ല.”- എൻടിനി പറയുന്നു.
പന്തിനെ ടീമിൽ എവിടെ കളിപ്പിക്കണം എന്നതിൽ ഇന്ത്യ വളരെയധികം ശ്രദ്ധിക്കണമെന്നും എൻടിനി സൂചിപ്പിക്കുന്നു. “ഇന്ത്യയെ സംബന്ധിച്ച് ഇക്കാര്യം വളരെ ആലോചിച്ചു കൈകാര്യം ചെയ്യേണ്ടതാണ്. കാരണം ഹർദിക് പാണ്ഡ്യ തിരിച്ചുവരികയാണ്. അങ്ങനെ വരുമ്പോൾ പന്തിനെ എവിടെ ബാറ്റ് ചെയ്യിക്കും? മുൻനിരയിൽ ബാറ്റിംഗിന് ഇറക്കണമെന്ന് വച്ചാലും ഏതു പൊസിഷനിൽ ഇറക്കാനാണ്. മൂന്നാം നമ്പറിൽ പന്തിനെയും നാലാം നമ്പറിൽ കോഹ്‌ലിയെയും ഇറക്കാൻ സാധിക്കുമോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവശേഷിക്കുകയാണ്.”- എൻടിനി കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കായി കഴിഞ്ഞ പല മത്സരങ്ങളിലും കളിച്ചിരുന്നെങ്കിലും ബാറ്റിംഗ് അവസരങ്ങൾ വളരെ കുറവു മാത്രമായിരുന്നു പന്തിനു ലഭിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി20യിൽ ഓപ്പണറായിറങ്ങി 13 ബോളുകളിൽ 27 റൺസ് പന്ത് നേടിയിരുന്നു.