2021ലെ ട്വന്റി20 ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങളിൽ ഞെട്ടിപ്പിക്കുന്ന പരാജയമാണ് ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. പിന്നീട് ഇന്ത്യയ്ക്ക് മറ്റു പല ടീമുകളുടെ ഫലങ്ങൾ നോക്കിയിരിക്കേണ്ടിവന്നു. എന്നാൽ ഇതിലും മോശം അവസ്ഥയാണ് 2022ൽ പാക്കിസ്ഥാന് വന്നുചേർന്നിരിക്കുന്നത്. നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ മാത്രമേ പാക്കിസ്ഥാന് സെമിഫൈനലിൽ എത്താൻ സാധിക്കൂ. അല്ലാത്തപക്ഷം ഒരുപാട് കണക്കുകളെ ആശ്രയിക്കേണ്ടി വരും. ഇന്ത്യക്കായി നാളെ ഏറ്റവുമധികം പ്രാർത്ഥിക്കുന്നത് പാക്കിസ്ഥാനാവും എന്നാണ് മുൻ താരം ആകാശ് ചോപ്ര ഇപ്പോൾ പറയുന്നത്.
“ലോകകപ്പ് ഇപ്പോൾ എവിടെയാണ് നിൽക്കുന്നത്? നാളത്തെ ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിനായി ഏറ്റവുമധികം പ്രാർത്ഥിക്കുന്നത് പാക്കിസ്ഥാൻകാരായിരിക്കും. അവർ ഇന്ത്യയോട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താൻ ആവശ്യപ്പെടുന്നു. അതോടൊപ്പം അവർക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താനാവുമെന്ന് വിശ്വസിക്കുന്നു.”- ആകാശ് ചോപ്ര പറയുന്നു.
“ഈ സമയത്ത് പാക്കിസ്ഥാൻ വലിയ രീതിയിലുള്ള പ്രതിസന്ധിയിൽ തന്നെയാണ്. അവർ ഇന്ത്യയെ തന്നെയാവും വിശ്വസിക്കുക. കാരണം നാളെ ദക്ഷിണാഫ്രിക്ക വിജയിക്കുകയാണെങ്കിൽ അവർ അഞ്ചു പോയിന്റിൽ എത്തും. അതിനർത്ഥം പാക്കിസ്ഥാൻ പുറത്തായി എന്ന് തന്നെയാണ്. നാളെ ഇന്ത്യ വിജയിച്ചാൽ പിന്നെ നടക്കുന്നത് ദക്ഷിണാഫ്രിക്ക-പാകിസ്ഥാൻ എലിമിനേറ്റർ തന്നെയാണ്. ഇതിനിടെ മഴമൂലം കളി തടസ്സപ്പെട്ടാൽ പോലും ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലെത്താൻ സാധിക്കും.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
രണ്ടു മത്സരങ്ങൾ കളിച്ച പാക്കിസ്ഥാന് ഒരു പോയിന്റ് പോലും നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽതന്നെ അവശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ വിജയിക്കുകയും, ദക്ഷിണാഫ്രിക്ക തുടർച്ചയായി പരാജയപെടുകയും ചെയ്താൽ മാത്രമേ പാക്കിസ്ഥാന് സെമിയിലെത്താൻ സാധിക്കൂ.