ഉസൈൻ ബോൾട്ടിനെപ്പോൽ ഗ്ലെൻ ഫിലിപ്സിന്റെ പൊസിഷനിങ് തന്ത്രം!! ഇജ്ജാതി ബുദ്ധി മറ്റാർക്കും
കഴിഞ്ഞ സമയങ്ങളിൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ റൺഔട്ട് രീതിയാണ് മങ്കാഡിംഗ്. ഐസിസി നിയമത്തിൽ ലിഖിതമാണെങ്കിലും മങ്കാഡിംഗ് നടത്തുന്ന ബോളർമാരെ വിമർശിക്കപ്പെടുക പതിവാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റർ ദീപ്തി ശർമയും സ്പിന്നർ രവിചന്ദ്രൻ അശ്വിനുമൊക്കെ മങ്കാഡിങ്ങിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ടവരാണ്. എന്നാൽ മങ്കാഡിങ്ങിനെതിരെ ഒരു കിടിലൻ തന്ത്രമാണ് ന്യൂസിലാൻഡ് ക്രിക്കറ്റർ ഗ്ലെൻ ഫിലിപ്സ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പ്രയോഗിച്ചത്.
ഒരു ഓട്ടക്കാരന് സമാനമായ രീതിയിൽ നോൺ സ്ട്രൈക്കർ എൻഡിൽ നിന്നാണ് ഗ്ലെൻ ഫിലിപ്പ്സ് തന്റെ തന്ത്രം പ്രയോഗിച്ചത്. ബോളർ എറിയാൻ എത്തുന്ന സമയത്ത് ഗ്ലെന്‍ ഫിലിപ്സ് ഒരു ഓട്ടക്കാരനെ പോലെ പൊസിഷൻ ചെയ്ത് നിൽക്കുകയും, ബോളറിഞ്ഞശേഷം മുഴുവൻ ആർജ്ജവവുമെടുത്ത് ഓടുകയുമാണ് ചെയ്തത്. സോഷ്യൽ മീഡിയയിലടക്കം ഗ്ലെന്‍ ഫിലിപ്സിന്റെ ഈ പൊസിഷനിങ് ചർച്ചയായിട്ടുണ്ട്. പല ബാറ്റർമാർക്കും പ്രയോഗിക്കാവുന്ന തന്ത്രവുമാണിത്.
ട്വിറ്ററിൽ വലിയ രീതിയിലുള്ള സ്വീകരണമായിരുന്നു ഗ്ലെൻ ഫിലിപ്സിന്റെ ഈ പൊസിഷനിഗ് തന്ത്രത്തിന് ലഭിച്ചത്. ‘ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് എങ്ങനെ കളിക്കണം എന്നാണ് ഗ്ലെൻ ഫിലിപ്സ് കാണിക്കുന്നത്’ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കമന്റ്. മത്സരത്തിൽ ന്യൂസിലാൻഡ് ഇന്നിങ്സിന്റെ അവസാന സമയങ്ങളിലായിരുന്നു ഗ്ലെൻ ഫിലിപ്സ് ഈ കിടിലൻ തന്ത്രം ഉപയോഗിച്ചത്.
ന്യൂസിലാൻഡിന്റെ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഉഗ്രൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഫിലിപ്സ് നടത്തിയത്. ശ്രീലങ്കൻ ബോളിങ്ങിന് മുൻപിൽ തകർന്നുപോയ ന്യൂസിലാൻഡിനെ ഒരു കിടിലൻ സെഞ്ചുറിയോടെ ഫിലിപ്സ് കൈപിടിച്ചു കയറ്റി. മത്സരത്തിൽ 64 പന്തുകളിൽ 104 റൺസായിരുന്നു ഫിലിപ്സ് നേടിയത്. ന്യൂസിലാൻഡ് മത്സരത്തിൽ 65 ന് വിജയം കാണുകയും ചെയ്തു.