റിഷഭ് പന്ത് ഇന്ത്യയ്ക്കായി ഇനിയും കളിക്കണം ആശിഷ് നെഹ്ര പറയാനുള്ള കാരണം ഇതാണ്

   

ഇന്ത്യയുടെ ഏഷ്യാകപ്പടക്കമുള്ള ടൂർണ്ണമെന്റുകളിൽ ഉയർന്നുവന്ന ഏറ്റവും വലിയ വിമർശനം റിഷഭ് പന്തിനെ സംബന്ധിച്ചായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പന്ത് മോശം പ്രകടനങ്ങൾ നടത്തിയത് ഇന്ത്യൻ ടീമിനെ സാരമായി തന്നെ ബാധിച്ചു. അതിനാൽ തന്നെ പലപ്പോഴും പന്ത് ടീമിന്റെ സ്ഥിരസാന്നിധ്യമായിരുന്നില്ല. നിലവിൽ ഇന്ത്യക്ക് മറ്റൊരു ഇടങ്കയ്യൻ മുൻനിര ബാറ്റർ ഇല്ലാത്തതിനാലാണ് ഇന്ത്യ റിഷാഭ് പന്തിന് കൂടുതലായും അവസരങ്ങൾ നൽകിയിരുന്നത്. എന്നാൽ റിഷഭ് പന്തിനെ ഇനിയുള്ള മത്സരങ്ങളിലൊക്കെയും കളിപ്പിക്കേണ്ടതുണ്ട് എന്നാണ് ഇന്ത്യയുടെ മുൻ പേസർ ആശിഷ് നെഹ്‌റ പറയുന്നത്.

   

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ രണ്ടാം ട്വന്റി20യിൽ റിഷാഭ് പന്തിനെ കളിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ആശിഷ് നെഹ്‌റ സംസാരിക്കുന്നത്. ” റിഷഭ് പന്തിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ കളിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ അയാൾ ഇന്ത്യയുടെ പ്ലെയിഗ് ഇലവനിലുണ്ട്. ഹർദിക് പാണ്ഡ്യ ടീമിൽ ഇല്ലാത്തതിനാൽതന്നെ തന്റെ കഴിവ് തെളിയിക്കാൻ മികച്ച അവസരം തന്നെയാണ് പന്തിനു കൈവന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി പന്തിന് ടീമിൽ സ്ഥിരമായി സാന്നിധ്യമറിയിക്കാൻ സാധിച്ചിരുന്നില്ല.

   

എന്നാൽ വരുന്ന മത്സരങ്ങളിൽ അയാൾ സ്കോർ ചെയ്താൽ അത് ഇന്ത്യയ്ക്ക് ലഭിക്കുന്ന വലിയ പ്ലസ് പോയിന്റ് തന്നെയാവും.”- ആശിഷ് നെഹ്റ പറയുന്നു. നിലവിൽ ഇന്ത്യ ദിനേശ് കാർത്തിക്കിനെയാണ് പല മത്സരങ്ങളിലും പ്രാഥമിക വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. എന്നാൽ രവീന്ദ്ര ജഡേജയ്ക്ക് പരിക്കുപറ്റി ടീമിന് പുറത്തായതോടെ മികച്ച ഒരു ഇടംകയ്യൻ ബാറ്റർ ഇന്ത്യയ്ക്കില്ല. ആ സാഹചര്യത്തിലാണ് റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിച്ചത്.

   

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ പന്ത് കളിച്ചിരുന്നെങ്കിലും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. അവസാനമായി പന്ത് ബാറ്റ് ചെയ്തത് ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലായിരുന്നു. ഈ വർഷം 19 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള പന്തിന് 311 റൺസ് മാത്രമാണ് നേടാനായത്. എന്തായാലും അടുത്ത മത്സരങ്ങളിലൂടെ പന്ത് തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *