അവൻ ഇന്ത്യയുടെ അടുത്ത സഹീർ ഖാൻ ഇന്ത്യൻ താരത്തെപറ്റി കമ്രാൻ അക്മൽ പറയുന്നു

   

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സീം ബോളർമാർ തന്നെയായിരുന്നു. ദീപക് ചാഹറും അർഷദീപ് സിംഗും മത്സരത്തിന്റെ ആദ്യ സമയത്ത് നേടിയ 5 വിക്കറ്റുകളാണ് വഴിത്തിരിവായത്. ഇതിൽ അർഷദീപിന്റെ മൂന്ന് വിക്കറ്റുകളായിരുന്നു ഏറ്റവും സുന്ദരം. ഇരുവശങ്ങളിലേക്കും ബോൾ സ്വിങ് ചെയ്യിച്ച് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ല് അർഷദീപ് എറിഞ്ഞിട്ടു. ഇതിന് പിന്നാലെ ഒരുപാട് പ്രശംസകളും അർഷദീപിനെ തേടിയെത്തി. ഇന്ത്യൻ ടീമിലെ അടുത്ത സഹീർ ഖാനാണ് അർഷദീപ് സിംഗ് എന്നാണ് മുൻ പാക് ക്രിക്കറ്റർ കമ്രാൻ അക്മൽ പറഞ്ഞിരിക്കുന്നത്.

   

“അർഷദീപ് ഒരു ഉഗ്രൻ ബോളർ തന്നെയാണ്. എനിക്ക് അർഷദീപിന്റെ പ്രകടനങ്ങൾ കാണുമ്പോൾ തോന്നുന്നത് ഇന്ത്യ പുതിയൊരു സഹീർ ഖാനെ കണ്ടെത്തിയെന്നാണ്. അർഷദീപിന് പേസും സ്വിങ്ങും ഉണ്ട്. മാത്രമല്ല ബുദ്ധിപരമായി ബോൾ ചെയ്യാൻ സാധിക്കുന്നുണ്ട്. അയാൾ മാനസികമായി ശക്തനും തന്റെ കഴിവിൽ അങ്ങേയറ്റം വിശ്വസിക്കുന്നവനുമാണ്. സാഹചര്യങ്ങൾ മനസ്സിലാക്കി ബോൾ ചെയാനും അർഷദീപിന് സാധിക്കുന്നുണ്ട്.”- അക്മൽ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

   

“ആദ്യ ട്വന്റി20യിൽ അർഷദീപ് മൂന്നു വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മില്ലറുടെ വിക്കറ്റ് ആയിരുന്നു. അതുവരെ അയാൾ ഔട്ട്സ്വിങ്ങർ എറിഞ്ഞശേഷം ഡേവിഡ് മില്ലർക്കെതിരെ ഒരു ഇൻസിങ്ങർ എറിഞ്ഞു. ഇത് കാണിക്കുന്നത് അയാളുടെ പക്വതയാണ്. ഇന്ത്യയ്ക്ക് അർഷദീപ് സിംഗിന്റെ ഈ മികച്ച പ്രകടനങ്ങൾ ഗുണം ചെയ്യും.കാരണം ഇന്ത്യക്ക് വേണ്ടത് സഹീർ ഖാനെ പോലെ ഒരു ഇടങ്കയ്യൻ ബോളറെയാണ്.” – അക്മൽ കൂട്ടിച്ചേർക്കുന്നു.

   

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ നിശ്ചിത നാലോവറിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ ആയിരുന്നു അർഷദീപ് സിംഗ് നേടിയത്. ഏഷ്യാകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്ന അർഷദീപിന്റെ തിരിച്ചുവരവ് കൂടിയാണിത്. ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ അടുത്ത മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *