ഇന്ത്യ എയുടെ ന്യൂസിലാൻഡ് എയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ വമ്പൻ വരവേൽപ്പായിരുന്നു മലയാളി താരം സഞ്ജു സാംസന് ലഭിച്ചത്. ചെപ്പോക്കിൽ നടന്ന ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു സാംസണെ ഇരുകൈയും നീട്ടി ആരാധകർ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാനായത്. അതിന്റെ തുടർച്ചയെന്നോളം രണ്ടാം മത്സരത്തിലും ഹർഷാരവങ്ങളോടെ സഞ്ജുവിന് വരവേൽപ്പ് നൽകിയിരിക്കുകയാണ് ചെപ്പൊക്കിലെ കാണികൾ. രണ്ടാം മത്സരത്തിൽ നാലാമനായി ആയിരുന്നു സഞ്ജു സാംസൺ ബാറ്റിംഗിന് ഇറങ്ങിയത്. സഞ്ജുവിന്റെ മൈതാനത്തേക്കു ള്ള വരവിനൊപ്പം ഹർഷാരവങ്ങൾ ഉയരുകയായിരുന്നു.
നിമിഷങ്ങൾക്കകം തന്നെ സഞ്ജുവിന്റെ ഈ എൻട്രി വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മത്സരത്തിൽ 35 പന്തുകളിൽ 37 റൺസായിരുന്നു സഞ്ജു സാംസൺ നേടിയത്. ഇതിൽ നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. സഞ്ജുവിന്റെ ബാറ്റിൽ നിന്നുയർന്ന എല്ലാ ബൗണ്ടറികളും കാണികൾ ആഘോഷമാക്കുന്നതാണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടത്.
മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് എ ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ നിന്ന് വിപരീതമായി വളരെ കണക്കുകൂട്ടലുകളോടെ ആയിരുന്നു ന്യൂസിലാൻഡ് തങ്ങളുടെ ഇന്നിംഗ്സ് ആരംഭിച്ചത്. 72 റൺസെടുത്ത ജോ കാർട്ടറും 61 റൺസെടുത്ത രവീന്ദ്രയുമായിരുന്നു ന്യൂസിലൻഡിനെതിരെ തേര് തെളിച്ചത്. ഇരുവരുടെയും മികവിൽ 219 റൺസായിരുന്നു ന്യൂസിലാൻഡ് നേടിയത്. ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ട്വന്റി20 മത്സരത്തെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു പൃഥ്വി ഷാ കാഴ്ചവെച്ചത്. 48 പന്തുളിൽ 11 ബൗണ്ടറിയും മൂന്നു സിക്സറും ഉൾപ്പെടെ 77 റൺസാണ് പ്രഥ്വി ഷാ മത്സരത്തിൽ നേടിയത്. ഇതോടൊപ്പം 37 റൺസ് നേടിയ സഞ്ജു സാംസണും 30 റൺസ് നേടിയ റുതുരാജും ചേർന്നതോടെ ഇന്ത്യ മത്സരത്തിൽ നാല് വിക്കറ്റിന് വിജയം കാണുകയായിരുന്നു.
Crowd going mad for Sanju Samson when he came to bat in 2nd One-Day. pic.twitter.com/UHdlxTg6Fi
— Johns. (@CricCrazyJohns) September 25, 2022