ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ ടീമിന്റെ നട്ടെല്ലാണ് എന്നും എംഎസ് ധോണി. ഇതുവരെയും ടീമിൽ നിന്ന് തന്റെ വിരമിക്കൽ ധോണി പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈ ടീമിനെ നാലു തവണയാണ് ധോണി ഐപിഎൽ കിരീടം ചൂടിച്ചത്. അതിൽ 2021ലെ ഫൈനലിൽ ചെന്നൈ ടീം നേരിട്ടത് ഓയിൻ മോർഗൻ ക്യാപ്റ്റനായ കൊൽക്കത്ത ടീമിനെ ആയിരുന്നു. അന്ന് ചെന്നൈ ടീമിന്റെ ഭാഗമായിരുന്നു ഓൾറൗണ്ടർ ശർദുൽ താക്കൂർ, സമ്മർദ്ദ സാഹചര്യങ്ങൾ തീരുമാനമെടുക്കാനുള്ള ധോണിയുടെ കഴിവിനെപറ്റി സംസാരിക്കുകയാണ് ഇപ്പോൾ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 192 എന്ന വമ്പൻ സ്കോർ നേടിയെങ്കിലും, മഞ്ഞുതുള്ളികൾ അധികമുണ്ടായിരുന്ന സാഹചര്യത്തിൽ മത്സരം കൊൽക്കത്തയ്ക്ക് അനുകൂലമായി മാറി. ശുഭമാൻ ഗില്ലും വെങ്കിടഷ് അയ്യരും കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചപ്പോൾ ധോണിയുടെ ശാന്തത കലർന്ന തീരുമാനം ചെന്നൈയെ രക്ഷിച്ചു എന്നാണ് ശർദുൽ താക്കൂർ പറയുന്നത്. “എനിക്കപ്പോൾ അറിയില്ലായിരുന്നു ധോണി എന്താണ് ചിന്തിക്കുന്നതെന്ന്. അദ്ദേഹം ബ്രാവോയെ ലോങ്ങ് ഓഫിൽ നിന്ന് വിളിച്ചു.
ശേഷം എന്താണ് ഞാൻ എറിയാൻ പോകുന്നതെന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ധോണി ഭായി പറയുന്നതുപോലെ എന്തും ഞാൻ ചെയ്യാമെന്ന്”- ശർദുൽ താക്കൂർ പറയുന്നു. “മിഡ് ഓഫിനെ സർക്കിളിനുള്ളിൽ നിർത്താൻ ധോണി പറഞ്ഞു. ശേഷം അടുത്ത ബോളിൽതന്നെ വെങ്കിടേഷ് അയ്യർ പുറത്തായി. പിന്നാലെ നിതീഷ് റാണയും പുറത്തായതോടെ മത്സരം ഞങ്ങളുടെ കൈപ്പിടിയിലായി. ഞാൻ നന്നായി ബോൾ ചെയ്തിരുന്നു. പക്ഷേ അത് ധോണിയുടെ മഹത്വം തന്നെയാണ്.
ഇത്തരം സമ്മർദമേറിയ സാഹചര്യത്തിൽ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ മറ്റാർക്കും സാധിക്കില്ല.” – ശർദുൽ താക്കൂർ പറഞ്ഞുവയ്ക്കുന്നു. മത്സരത്തിൽ നിർണായകമായ ബോളിംഗ് പ്രകടനം തന്നെയായിരുന്നു താക്കൂർ കാഴ്ചവച്ചത്. മൂന്ന് സുപ്രധാന വിക്കറ്റുകൾ താക്കൂർ മത്സരത്തിൽ നേടി. ഇതോടെ മത്സരം ചെന്നൈയുടെ വരുതിയിൽ ആവുകയായിരുന്നു. ധോണിയുടെ ഇത്തരം ബുദ്ധിപരമായ തീരുമാനങ്ങൾ താക്കൂർ എന്നുമോർക്കുന്നു.