സഞ്ജുവിന്റെ നാട്ടിൽ ഇന്ന് പൊടിപൂരം അടിച്ചുതൂക്കാൻ രോഹിത്തും കൂട്ടരും

   

അങ്ങനെ തിരുവനന്തപുരം ഉണർന്നു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20യ്ക്കായി സജ്ജീകരണങ്ങൾ പൂർത്തിയാക്കിരിക്കുകയാണ് തിരുവനന്തപുരം. ആവേശം അലതല്ലുന്ന കേരളത്തിന്റെ മണ്ണിൽ, സഞ്ജുവിന്റെ മണ്ണിൽ ഒരു വമ്പൻ കുതിപ്പിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. തങ്ങളുടെ ടീമിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള അവസാന അവസരം എന്ന രീതിയിൽ കൂടി ഇന്ത്യൻ ടീമിന് മത്സരം വളരെ നിർണായകമാണ്.

   

പ്രധാനമായും കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യയെയും ക്യാപ്റ്റൻ രോഹിത് ശർമയെയും അലട്ടിയിരുന്നത് ഇന്ത്യയുടെ ഡെത്ത് ബോളിങ്ങിലെ പ്രശ്നങ്ങൾ തന്നെയാണ്. ഓസ്ട്രേലിയക്കെതിരെയും ഡെത്ത് ഓവറുകളിൽ ഇന്ത്യൻ ബോളർമാർ തല്ലുകൊണ്ടിരുന്നു. അതിനാൽതന്നെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലൂടെ ഒരു മികച്ച തിരിച്ചുവരവ് തന്നെയാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. എന്നാൽ പ്രധാന ബൗളറായ ഭുവനേശ്വർ കുമാറും ഓൾറൗണ്ടർ ഹാർദിക് പാണ്ട്യയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുക. കൂടാതെ കോവിഡ് ബാധിതനായ മുഹമ്മദ് ഷാമിയും മത്സരത്തിൽ നിന്ന് വിട്ടുനിൽക്കും.

   

ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ മുൻനിര ബാറ്റിംഗ് തന്നെയാണ്. വിരാട് കോഹ്ലിയും രോഹിത് ശർമയും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകുമെന്ന് തന്നെ പ്രതീക്ഷിക്കാം. പിന്നീട് സൂര്യകുമാർ യാദവും ഇന്ത്യയുടെ ശക്തിയാകും. എന്നാൽ കെഎൽ രാഹുലിന്റെ മോശം ഫോം ലോകകപ്പിന് മുൻപ് ഇന്ത്യയെ അലട്ടുന്നുണ്ട്. ദിനേശ് കാർത്തിക്കിന് ആവശ്യമായ അവസരങ്ങൾ ബാറ്റിങ്ങിൽ ലഭിക്കാത്തതും ഇന്ത്യയ്ക്ക് തലവേദനയാണ്.

   

എന്തായാലും തിരുവനന്തപുരത്തെ മത്സരത്തിലൂടെ ഇന്ത്യ ലോകകപ്പിലേക്കുള്ള കുതിപ്പ് ആരംഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ശക്തരായ ഓസ്ട്രേലിയയെ നേരത്തെ 2-1ന് തൂത്തെറിഞ്ഞത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. വൈകിട്ട് 7 മണി മുതൽ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *