ബാറ്റ് പിടിക്കാൻ പോലും കാർത്തിക്കിനും പന്തിനും സമയം കിട്ടീട്ടില്ല രോഹിത് പറഞ്ഞത് കേട്ടോ

   

നിലവിൽ ഇന്ത്യൻ ടീം നേരിടുന്ന പ്രശ്നങ്ങളിലൊന്ന് മധ്യനിരയുടെ സ്ഥിരതയില്ലാത്ത പ്രകടനമാണ്. ദിനേഷ് കാർത്തിക്കും റിഷഭ് പന്തുമടങ്ങുന്ന മധ്യനിര കിട്ടുന്ന അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നില്ല. എന്നാൽ ഇതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ ഇപ്പോൾ. ഇരുവർക്കും മതിയായ ബാറ്റിംഗ് അവസരങ്ങൾ മൈതാനത്ത് ലഭിക്കുന്നില്ലെന്നാണ് രോഹിത് ശർമ പറയുന്നത്. ട്വന്റി20 ലോകകപ്പിന് മുമ്പ് ഇരുവർക്കും കൂടുതൽ ബാറ്റിംഗ് അവസരങ്ങൾ ലഭിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും രോഹിത് വാചാലനായി.

   

റിഷഭ് പന്തിനും ദിനേഷ് കാർത്തിക്കിനും കൂടുതൽ ബാറ്റിംഗ് അവസരങ്ങൾ നൽകേണ്ടതുണ്ട് എന്നാണ് രോഹിത് ശർമ പത്രസമ്മേളനത്തിൽ അറിയിച്ചത്. “ലോകകപ്പിന് മുമ്പ് ഇരുവർക്കും കൂടുതൽ ബാറ്റിംഗ് അവസരങ്ങൾ നൽകണം. ഇന്ത്യയെ സംബന്ധിച്ച് ഇത് ആവശ്യമാണ്. ഏഷ്യാകപ്പിൽ പോലും ഇരുവർക്കും വലിയ രീതിയിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.”- രോഹിത് പറയുന്നു.

   

“ദിനേശ് കാർത്തിക്കിന് കുറച്ചധികം സമയം ക്രീസിൽ ചിലവഴിക്കാൻ കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും കാർത്തിക്കിന് ബാറ്റ് ചെയ്യാൻ മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. മൂന്ന് ബോളുകൾ ഒക്കെയാണ് സീരീസിൽ കാർത്തിക്കിന് ലഭിച്ചത്. അത് വളരെ കുറവാണ്.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ആകെ 7 ബോളുകൾ മാത്രമായിരുന്നു ദിനേശ് കാർത്തിക് നേരിട്ടത്. പന്ത് പരമ്പരയിൽ ഒരു മത്സരത്തിൽ കളിച്ചെങ്കിലും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.

   

ഇതോടൊപ്പം ബാറ്റിംഗിൽ ഒരു ഫ്ലെക്സിബിലിറ്റി കണ്ടെത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും രോഹിത് പറയുകയുണ്ടായി. സാഹചര്യം ആവശ്യപ്പെട്ടാൽ ചിലപ്പോൾ വലംകയ്യൻ ബാറ്റർമാർക്ക് പകരം ഇടംകൈയ്യന്മാരെ ഇറക്കേണ്ടി വരും എന്ന് രോഹിത് പറയുന്നു. എന്തായാലും ലോകകപ്പിലേക്ക് പോകുമ്പോൾ എല്ലാ ബാറ്റർമാർക്കും ഒരു പരിശീലനം ലഭിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ എല്ലാ ബാറ്റർമാർക്കും ഇതിനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *