ആരാധകരല്ല, ഇത് സഞ്ജുവിന്റെ കുടുംബം ചെന്നൈയിൽ സഞ്ജുവിനായി ആർപ്പുവിളിച്ച് കാണികൾ

   

ലോകത്താകമാനം ആരാധകരുള്ള മലയാളി ക്രിക്കറ്ററാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ മറ്റുപലർക്കും സമ്പാദിക്കാനാവാത്ത അത്ര ആരാധകവൃന്ദത്തെ ചുരുങ്ങിയ സമയം കൊണ്ട് സഞ്ജു സൃഷ്ടിക്കുകയുണ്ടായി. ഇന്ത്യയുടെ കഴിഞ്ഞ സിംബാബ്വെ പര്യടനത്തിലടക്കം സഞ്ജു തന്റെ ആരാധകരുമായി സമയം ചെലവഴിക്കുകയുണ്ടായി. ഇപ്പോൾ സഞ്ജുവിന്റെ ആരാധക പിന്തുണ വെളിവാക്കുന്ന മറ്റൊരു വീഡിയോ കൂടി സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യ എ യുടെ ന്യൂസിലാൻഡ് എയ്ക്ക് എതിരായ മത്സരത്തിനിടയിൽ കാണികൾ സഞ്ജുവിന് നൽകുന്ന ആർപ്പുവിളിയും വരവേൽപ്പുമാണ് വീഡിയോയിൽ ഉള്ളത്.

   

സംഭവം നടന്നത് എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ എ ടീമിന്റെ ന്യൂസിലാൻഡ് എ ടീമുമായുള്ള മത്സരത്തിനിടെയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ചെന്നൈയിൽ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എ ടീമിനെ സഞ്ജുവിന്റെ മികച്ച ക്യാപ്റ്റൻസിയുടെ ബലത്തിൽ ഇന്ത്യ തൂത്തെറിയുകയായിരുന്നു. 40 ഓവറുകളിൽ കേവലം 167 റൺസിന് സഞ്ജുപട ന്യൂസിലാൻഡ് എ ടീമിനെ ചുരുട്ടിക്കെട്ടി.

   

നാല് വിക്കറ്റെടുത്ത ശർദുൽ താക്കൂറും മൂന്നു വിക്കറ്റെടുത്ത കുൽദീപ് സെന്നുമായായിരുന്നു ഇന്ത്യൻ ബോളിംഗിന് ചുക്കാൻ പിടിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് കാര്യങ്ങൾ അനായാസമായിരുന്നു. ഓപ്പണർ പൃഥ്വി ഷായെ ആദ്യമേ നഷ്ടമായെങ്കിലും റിതുരാജ് (41) ക്രീസിലുറച്ചു. കൂടെ രാഹുൽ ത്രിപാതിയും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യ ലക്ഷ്യത്തിലേക്ക് നീങ്ങി. ഇരുവരുടെയും വിക്കറ്റിന് ശേഷം ക്രീസിലെത്തിയ രജത് പട്ടിദാറും(45) ക്യാപ്റ്റൻ സഞ്ജു സാംസണും(29) ഇന്ത്യ എയെ വിജയത്തിലെത്തിച്ചു.

   

ബാറ്റിങ്ങിനായി മൈതാനത്ത് ഇറങ്ങുന്ന സമയത്ത് വൻവരവേൽപ്പാണ് സഞ്ജു സാംസണ് ലഭിച്ചത്. ഔദ്യോഗിക മത്സരമല്ലാതിരുന്നിട്ടും ആവേശത്തോടെ കാണികൾ സഞ്ജുവിനെ മൈതാനത്തേക്ക് ആനയിച്ചു. ഈ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. നേരത്തെ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. ട്വിറ്ററിലടക്കം സഞ്ജു എന്ന പേര് ട്രെൻഡിങ്ങാവുകയും ചെയ്തു. അതിനുശേഷം സഞ്ജുവിന് ആരാധക പിന്തുണ വർധിച്ചിട്ടുണ്ട് എന്നത് സത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *