അവനെ അടിച്ചുതകർക്കാൻ തീരുമാനിച്ചാണ് ഇറങ്ങിയത് അത് ഞാനങ്ങ് നടത്തി : കോഹ്ലി

   

ഒരു ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വമ്പൻ തിരിച്ചുവരവാണ് വിരാട് കോഹ്ലി നടത്തിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20യിൽ ഒരു മാസ്മരിക ബാറ്റിംഗ് പ്രകടനം നടത്തിയതോടെ കോഹ്ലി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വലിയ പ്രതീക്ഷയായി മാറിയിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപയ്ക്കെതിരെ കോഹ്ലി പതറുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ മൂന്നാം ട്വന്റിയിൽ കൃത്യമായ കണക്കുകൂട്ടലുകളോടെ സാംപയെ അടിച്ചുതൂക്കുന്ന കോഹ്ലിയെയാണ് കാണാനായത്. എന്നാൽ, ഇത് താൻ തീരുമാനിച്ചുറപ്പിച്ച ഒന്നായിരുന്നു എന്നാണ് കോഹ്ലി മത്സരശേഷം പറഞ്ഞത്.

   

“ഞാനെന്റെ അനുഭവസമ്പത്ത് വളരെ നന്നായിത്തന്നെ മത്സരത്തിൽ വിനിയോഗിച്ചിട്ടുണ്ട്. അതിനാൽതന്നെ ടീമിന് എന്താണോ ആവശ്യം അത് നൽകാനും എനിക്ക് സാധിച്ചു. മികച്ച ഒരു തുടക്കം എന്റെ ഇന്നിംഗ്സിന് ലഭിച്ചിരുന്നു. ശേഷം ഞാൻ ആദം സാംമ്പയെ അടിച്ചകറ്റാൻ ശ്രമിച്ചു. കാരണം മധ്യ ഓവറുകളിൽ സാംപ ഒരു അപകടകാരിയായ ബോളർ തന്നെയാണ്. അയാളുടെ സമ്മർദ്ദത്തിലാക്കിയില്ലെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടാണ്”- വിരാട് കോഹ്ലി പറയുന്നു.

   

ഇതോടൊപ്പം ഇന്നിംഗ്സിൽ താൻ പിന്തുടർന്ന ബാറ്റിംഗ് രീതിയെക്കുറിച്ചും കോഹ്‌ലി പറയുകയുണ്ടായി. “സൂര്യ ഷോട്ടുകൾ കളിക്കാൻ തുടങ്ങിയതോടെ ഞാൻ ഡെഗൗട്ടിലേക്ക് ശ്രദ്ധിച്ചു. രോഹിത്തും രാഹുൽ ദ്രാവിഡും പറഞ്ഞത് ഇങ്ങനെ തന്നെ ബാറ്റിംഗ് തുടരാനായിരുന്നു. കാരണം സൂര്യകുമാർ നന്നായി വമ്പനടികൾ നടത്തുന്നുണ്ടായിരുന്നു. അതിനാൽതന്നെ ടീമിനു വേണ്ടിയിരുന്നത് ഒരു പാർട്ട്ണർഷിപ്പ് ഉണ്ടാക്കുകയായിരുന്നു. അക്കാര്യത്തിൽ ഞാൻ എന്റെ പരിചയസമ്പന്നത ഉപയോഗിച്ചു.”- കോഹ്ലി കൂട്ടിച്ചേർത്തു.

   

നിലവിലെ തന്റെ ഫോമിനെക്കുറിച്ചും കോഹ്ലി വാചാലനാവുകയുണ്ടായി. ടീമിനായി നല്ല പ്രകടനം നടത്താൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും, ഇടവേളക്ക് ശേഷം കഠിനമായ പരിശീലനങ്ങൾ തുടർന്നതാണ് ഈ പ്രകടനങ്ങൾക്ക് കാരണമെന്നും വിരാട് പറഞ്ഞു. കൂടാതെ ഇനിയും ടീമിനായി എല്ലാ ആത്മാർത്ഥതയോടും കൂടിയ പ്രകടനങ്ങൾ കാഴ്ചവെക്കുമെന്ന് കോഹ്ലി സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *