ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുച്ചീട്ടാവാൻ പോകുന്നത് ഇവൻ ഈ വിമർശനങ്ങൾ കാര്യമാക്കണ്ട

   

ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഒരുപാട് പഴികേട്ട ബോളറാണ് ഭുവനേശ്വർ കുമാർ. ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായിരുന്ന ഭൂവനേശ്വർ ഡെത്ത് ഓവറുകളിൽ നിരന്തരം തല്ലു കൊള്ളുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കഴിഞ്ഞ ഏഷ്യാകപ്പിലടക്കം അവസാന ഓവറുകളിൽ ഭുവനേശ്വറിന് ലൈനും ലെങ്തും നഷ്ടമാകുന്നത് സ്ഥിരം കാഴ്ച തന്നെയായിരുന്നു. എന്നാൽ ഭുവനേശ്വർ കുമാറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ പേസർ ശ്രീശാന്ത്.

   

ഭുവനേശ്വർ കുമാറിന്റെ പരിചയസമ്പന്നത ഓസ്ട്രേലിയൻ വിക്കറ്റുകളിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് ശ്രീശാന്ത് വിശ്വസിക്കുന്നത്. “ഭുവനേശ്വർ കുമാർ മികച്ച ഒരു ബോളർ തന്നെയാണ്. നമ്മൾ നല്ല ബോളുകൾ എറിഞ്ഞാൽ തന്നെ അടിച്ചകറ്റപ്പെടാൻ ഒരു 60-70% ചാൻസുണ്ട്. ചിലപ്പോൾ നല്ല ബോളുകൾ ഗുണംചെയ്യും, ചിലപ്പോൾ ദോഷംചെയ്യും. എന്നിരുന്നാലും ദിനേഷ് കാർത്തിക്കിനെ പിന്തുണച്ചത് പോലെ ഭുവനേശ്വറിനെയും നമ്മൾ പിന്തുണയ്ക്കണം.

   

അയാളുടെ പരിചയ സമ്പന്നതയിലും ബോൾ സിങ് ചെയ്യാനുള്ള കഴിവിലും എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്.”- ശ്രീശാന്ത് പറയുന്നു. ഓസ്ട്രേലിയൻ പിച്ചുകളിൽ ഭുവനേശ്വറിന് കൃത്യമായ ആധിപത്യമുണ്ടാകുമെന്നും ശ്രീശാന്ത് പറയുന്നു.”അദ്ദേഹത്തിന് മികച്ച സ്ലോ ബോളുകൾ ഉണ്ട്. ഓസ്ട്രേലിയയിലെ ബൗൺസി വിക്കറ്റുകളിൽ ഭുവനേശ്വർ സ്ലോ ബോളുകൾ ഉപയോഗിച്ചാൽ അവിടെ നല്ല സഹായം ലഭിക്കും.”- ശ്രീശാന്ത് കൂട്ടിച്ചേർക്കുന്നു.

   

ഇതോടൊപ്പം ഭുവനേശ്വറിനോട് ഒരു അഭ്യർത്ഥനയും ശ്രീശാന്ത് നടത്തുകയുണ്ടായി. “ഭുവനേശ്വറിനോട് എനിക്ക് ഒരു അഭ്യർത്ഥന മാത്രമാണുള്ളത്. ആത്മവിശ്വാസം കൈവിടാതിരിക്കുക. ചില സമയങ്ങളിൽ നമ്മൾ ആത്മവിശ്വാസം കൈവിടും. ഞാനടക്കം പലരും അത് ചെയ്തിട്ടുണ്ട്. എന്നാൽ ഈ സമയവും കടന്നുപോകും എന്ന വിശ്വാസം വേണം. നമ്മുടേതായ കഴിവിൽ വിശ്വസിക്കണം.”- ശ്രീശാന്ത് പറഞ്ഞുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *