ഇന്ത്യയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പ്രധാനപ്പെട്ട ക്രിക്കറ്റായിരുന്നു ജഡേജ. രണ്ടു മത്സരങ്ങളിലും ജഡേജ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിലും മികവുകാട്ടിയിരുന്നു. എന്നാൽ വലത്തെ കാൽമുട്ടിനുണ്ടായ പരിക്കുമൂലം ടൂർണമെന്റിൽ നിന്നും പൂർണമായി മാറി നിൽക്കേണ്ടിവന്നിരിക്കുകയാണ് ജഡേജയ്ക്ക് ഇപ്പോൾ. ജഡേജയ്ക്ക് പകരക്കാരനായി ഇന്ത്യയുടെ മറ്റൊരു ഓൾറൗണ്ടറായ അക്ഷർ പട്ടേലിനെയാണ് ടീമിൽ നിശ്ചയിച്ചിരിക്കുന്നത്.
പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യൻ മുൻനിര പൂർണ്ണമായും തകർന്ന സാഹചര്യത്തിൽ നാലാം നമ്പർ ബാറ്ററായിറങ്ങി ഇന്ത്യൻ ടീമിന്റെ നെടുംതൂണായി ജഡേജ മാറിയിരുന്നു. അതിനാൽതന്നെ വരുന്ന മത്സരങ്ങളിൽ ജഡേജയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്ന് ഉറപ്പാണ്. ബിസിസിഐയാണ് ജഡേജയെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയ കാര്യം പ്രസ്താവിച്ചത്. “ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി ഇന്ത്യയുടെ ഏഷ്യാകപ്പ് സ്‌ക്വാഡിലേക്ക് ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലിനെ നിശ്ചയിച്ചിട്ടുണ്ട്. മുട്ടിനേറ്റ പരിക്കുമൂലം ജഡേജയ്ക്ക് ഇനി ടൂർണമെന്റിൽ കളിക്കാനാവില്ല. നിലവിൽ ജഡേജയിപ്പോൾ ബിസിസിഐ മെഡിക്കൽ ടീമിനൊപ്പമാണുള്ളത്.” പ്രസ്താവനയിൽ പറയുന്നു.
നിലവിൽ ജഡേജക്ക് കൃത്യമായ പകരക്കാരനാവില്ലെങ്കിലും മികച്ച ഫോമിൽ തന്നെയാണ് അക്ഷർ പട്ടേലും. വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കായി 35 പന്തുകളിൽ 64 റൺസ് നേരത്തെ അക്ഷർ നേടിയിരുന്നു. കൂടാതെ വിൻഡീസിനെതിരായ രണ്ടു ട്വന്റി20 മത്സരങ്ങളിൽ നിന്നും അഞ്ചു വിക്കറ്റുകളാണ് അക്ഷർ നേടിയത്. സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിലും മികച്ച പ്രകടനമായിരുന്നു അക്ഷർ കാഴ്ചവച്ചത്.
ഇന്ത്യയുടെ കഴിഞ്ഞ രണ്ടു മത്സരത്തിലും നിറസാന്നിധ്യം തന്നെയായിരുന്നു ജഡേജ. ഹോങ്കോങ്ങിനെതിരെ നിർണായകമായ റൺഔട്ടും ജഡേജ നേടിയിരുന്നു. ഇന്ത്യയുടെ സൂപ്പർ നാല് മത്സരങ്ങൾ നാളെ തുടങ്ങാനിരിക്കെ ജഡേജയുടെ അഭാവം ആശങ്കയുണ്ടാക്കുമെന്നത് ഉറപ്പാണ്. നാളെ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ സൂപ്പർ4ലെ ആദ്യമത്സരം.