അവന് മറക്കാനുള്ള വർഷമാണ് 2022!! എന്നാൽ ഇനി കാണാൻ പോകുന്നത് ഒരു വമ്പൻ തിരിച്ചുവരവ്!! കാർത്തിക് പറയുന്നു

   

കഴിഞ്ഞ ഒരു വലിയ കാലയളവിൽ ഇന്ത്യൻ ടീമിനായി ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച ബാറ്ററാണ് വിരാട് കോഹ്ലി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ 2022ലേക്ക് വരുമ്പോൾ കോഹ്ലിയെ സംബന്ധിച്ച് ഏറ്റക്കുറച്ചിലുകളുടെ വർഷമായിരുന്നു. ഏകദിനങ്ങളിലും ട്വന്റി20കളിലും ഭേദപ്പെട്ട പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും, 2022ൽ ടെസ്റ്റിൽ കോഹ്ലി പൂർണമായും പരാജയപ്പെടുകയുണ്ടായി. കോഹ്ലിയുടെ ഈ വർഷത്തെ മോശം പ്രകടനങ്ങളെ പറ്റി ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് സംസാരിക്കുന്നു.

   

“കോഹ്ലിയെ സംബന്ധിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ഇതൊരു പ്രയാസകരമായ വർഷം തന്നെയായിരുന്നു. ട്വന്റി20യിലും അദ്ദേഹത്തിന് മോശം സമയമായിരുന്നു. ഐപിഎല്ലിലും നമ്മൾ അതു കണ്ടു. എന്നാൽ ലോകകപ്പിൽ കോഹ്ലി തന്റെ ക്ലാസ്സ് പുറത്ത് കാട്ടുകയുണ്ടായി. കോഹ്ലിക്ക് മികച്ചതായിരുന്നില്ല ഈ വർഷം എന്ന് നമുക്ക് മനസ്സിലാവും. എന്നിരുന്നാലും ഓസ്ട്രേലിയക്കെതിരെ മികച്ച ഒരു പരമ്പര വരുന്നുണ്ട്. അവിടെ കോഹ്ലി തന്റെ ക്ലാസ് പുറത്തെടുക്കും എന്നാണ് കരുതുന്നത്.”- ദിനേശ് കാർത്തിക്ക് പറയുന്നു.

   

കോഹ്ലിക്ക് പൂർണമായും മറക്കാൻ സാധിക്കുന്ന വർഷം തന്നെയാണ് 2022. 2022ലെ തന്റെ ബാറ്റിംഗ് പ്രകടനങ്ങൾ അവസാനിക്കുമ്പോൾ 26.5 മാത്രമാണ് വിരാട് കോഹ്ലിയുടെ ഈ വർഷത്തെ ടെസ്റ്റ് ബാറ്റിംഗ് ശരാശരി. ബംഗ്ലാദേശിനെതിരെ നിലവിൽ നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് കേവലം 45 റൺസ് മാത്രമേ കോഹ്ലിയ്ക്ക് നേടാൻ സാധിച്ചിട്ടുള്ളൂ.

   

ഇന്ത്യയുടെ പ്രധാന ബാറ്റർ എന്ന നിലയിൽ കോഹ്ലിയുടെ ഈ പ്രകടനങ്ങൾ ടീമിനെ ബാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇത്രയധികം പിന്തള്ളപ്പെടാനും കോഹ്ലിയുടെ ഈ പ്രകടനങ്ങൾ കാരണമായിട്ടുണ്ട്. എന്നിരുന്നാലും 2023ൽ ഒരു മികവാർന്ന തിരിച്ചുവരവ് തന്നെ കോഹ്ലി നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *