ലോകക്രിക്കറ്റിലെ മുൻ ഇതിഹാസങ്ങൾ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് പുരോഗമിക്കുകയാണ്. ടൂർണമെന്റിലെ പതിനൊന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ ലെജൻഡ്സ് ടീമും ബംഗ്ലാദേശ് ലെജൻഡ്സ് ടീമുമായിരുന്നു ഏറ്റുമുട്ടിയത്. അത്യന്തം ആവേശകരമായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾക്ക് അത്ഭുതകരമായ വിജയമായിരുന്നു ഓസ്ട്രേലിയ സ്വന്തമാക്കിയത്. സ്റ്റാർ ബാറ്റർ ബ്രാഡ് ഹാഡിനായിരുന്നു ഓസ്ട്രേലിയയുടെ ഹീറോയായി മാറിയത്. മത്സരത്തിലെ അവസാന അഞ്ച് ബോളുകളിൽ 21 റൺസായിരുന്നു ഓസ്ട്രേലിയയ്ക്ക് വേണ്ടിയിരുന്നത്. അവിടെനിന്നാണ് ബ്രാഡ് ഹാഡിൻ ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്.
അവസാന ഓവറിൽ 21 റൺസ് വേണമെന്നിരിക്കെ ഓസ്ട്രേലിയയുടെ 7 വിക്കറ്റുകൾ നഷ്ടമായിരുന്നു. ക്രീസിലുണ്ടായിരുന്ന ബ്രഡ് ഹാഡിന് ആദ്യ ബോളിൽ ഒന്നുംതന്നെ ചെയ്യാനായില്ല. എന്നാൽ അടുത്ത ബോളിൽ സിക്സർ പറത്തി ഹാഡിൻ തന്റെ വീര്യം അറിയിച്ചു. അങ്ങനെ മത്സരം അവസാന മൂന്ന് ബോളുകളിൽ 12 എന്ന നിലയിലെത്തി. അബുൾ ഹസനെറിഞ്ഞ അടുത്ത മൂന്ന് ബോളുകളിലും ബൗണ്ടറി നേടി ഹാഡിൻ ഓസ്ട്രേലിയയെ വിജയത്തിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ 37 പന്തുകളിൽ 58 റൺസാണ് ഹാഡിൻ നേടിയത്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പിഴുതെറിയാൻ ഓസ്ട്രേലിയൻ ബോളർമാർക്ക് സാധി.ച്ചു എന്നാൽ കിട്ടിയ അവസരങ്ങൾ ബംഗ്ലാദേശ് ബാറ്റർമാരും നന്നായി ഉപയോഗിച്ചു. ഇതിനൊപ്പം ഒരുപാട് എക്സ്ട്രാ റൺസും ഓസിസ് വഴങ്ങിയതോടെ ബംഗ്ലാദേശ് 158 എന്ന സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങിൽ കാമറോൺ വൈറ്റിനെ(1) ആദ്യമേ നഷ്ടമായെങ്കിലും ഷേയ്ൻ വാട്ട്സൺ(35)അടിച്ചു തുടങ്ങി. എന്നാൽ വാട്സന്റെ വിക്കറ്റ് പോയതോടെ ഓസ്ട്രേലിയ പൂർണമായും മങ്ങുകയായിരുന്നു. മദ്യനിരയിൽ ഹാഡിനൊഴികെ മറ്റാർക്കും രണ്ടക്കം കണ്ടെത്താൻ സാധിക്കാതെ വന്നത് ഓസിസിനെ ബാധിച്ചു. എന്നാൽ അവസാന ഓവറിലെ ഹാഡിന്റെ ഹീറോയിസം ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചു.