സച്ചിനും റെയ്‌നയും ഇന്ന് ടെയ്ലറുടെ പടയ്‌ക്കെതിരെ പൊളിച്ചടുക്കാൻ യുവിയും

   

റോഡ് സേഫ്റ്റി വേൾഡ് സീരിസിൽ സച്ചിന്റെ പടയ്ക്ക് ഇന്ന് മൂന്നാം മത്സരം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ലെജന്ഡ്സ് ടീമിനെ അനായാസം കീഴടക്കിയ ഇന്ത്യയുടെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.ഇന്ന് മൂന്നാം മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് ന്യൂസിലാൻഡ് ലെജൻഡ്സ് ടീമിനെ നേരിടും. വൈകിട്ട് 7 30ന് ഇൻഡോറിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

   

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയം തന്നെയായിരുന്നു ഇന്ത്യ നേടിയത്. ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നിയുടെ(82) മികച്ച ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ 217 റൺസ് ഇന്ത്യൻ ലെജൻഡ്സ് നേടുകയുണ്ടായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ബോളർമാരെ അടിച്ചുതൂക്കാൻ കഷ്ടപ്പെടുന്ന ദക്ഷിണാഫ്രിക്കൻ നിരയെയാണ് കാണാനായത്. വിജയലക്ഷ്യത്തിന് അടുത്തുപോലും എത്താൻ സാധിക്കാതിരുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 156 റൺസിൽ അവസാനിച്ചിരുന്നു. 61 റൺസിനാണ് ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്.

   

പക്ഷേ ന്യൂസിലാൻഡിന് അത്ര മികച്ച തുടക്കമായിരുന്നില്ല റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ലഭിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ന്യൂസിലാൻഡ് ടീം അമ്പേ പരാജയമായി മാറിയിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിൽ അവർ മികച്ച തിരിച്ചുവരവ് നടത്തുകയും ചെയ്തു. അതിനാൽതന്നെ സച്ചിനും കൂട്ടരും പേടിക്കേണ്ട ടീം തന്നെയാണ് ന്യൂസിലാൻഡ്.

   

സച്ചിൻ ടെണ്ടുൽക്കർ, ബദരിനാഥ്, സുരേഷ് റെയ്ന, യുവരാജ് സിങ് എന്നിവർ അണിനിരക്കുന്ന ബാറ്റിംഗ് തന്നെയാണ് ഇന്ത്യയുടെ ശക്തി. ഇവരോടൊപ്പം സ്റ്റുവർട്ട് ബിന്നിയും മൻപ്രീറ്റ് ഗോണിയുമോക്കെ ചേരുമ്പോൾ ഇന്ത്യ വലിയ നിരയാകും. മറുവശത്ത് സ്റ്റാർ ബാറ്റർമാരുടെ ഒരു നിരതന്നെയാണ് ന്യൂസിലാൻഡിന് ഉള്ളത്. റോസ് ടെയ്‌ലർ, സ്കോട്ട് സ്റ്റൈറീസ്, ജാമി ഹൗ തുടങ്ങിയവർ ഇന്ത്യയ്ക്ക് ഭീഷണിയാവും. കയ്ൽ മിൽസ് നേതൃത്വം നൽകുന്ന ബോളിങ് നിരയും ശക്തമാണ്. എന്തായാലും ഇന്നത്തെ മത്സരത്തിൽ തീപാറുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *