ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ വമ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്ത ബാറ്ററായിരുന്നു റുതുരാജ് ഗെയ്ക്കുവാഡ്. ആദ്യ മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ റുതുരാജ് 42 പന്തുകളിൽ 19 റൺസ് മാത്രം നേടാനേ സാധിച്ചിരുന്നുള്ളൂ. തന്റെ ആദ്യമത്സരമാണെങ്കിൽ പോലും ഇതിന്റെ പേരിൽ റിതുരാജ് ഒരുപാട് വിമർശനങ്ങൾ കേൾക്കുകയുണ്ടായി. പ്രത്യേകിച്ച് തന്റെ മോശം സ്ട്രൈക്ക് റേറ്റിന്റെ പേരിലായിരുന്നു റുതുരാജ് വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. എന്നാൽ കേവലം ഒരു മത്സരത്തിലെ മോശം പ്രകടനത്തോടെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ടിരിക്കുകയാണ് റുതുരാജിന് ഇപ്പോൾ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ റുതുരാജിനെ ഉൾപ്പെടുത്തിയിട്ടില്ല.
ഇതിനെതിരെ വലിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വെറും ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ റുതുരാജിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്താണ് ആരാധകർ രംഗത്തുവന്നിരിക്കുന്നത്. വലിയ കളിക്കാർ പോലും തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിട്ടുണ്ട് എന്നും ഇത്തരം പ്രവർത്തികൾ ബിസിസിഐയിൽ നിന്നുണ്ടാകുന്നത് വളരെ മോശമാണെന്നും ആരാധകർ പറയുന്നു.
നിലവിൽ ഗില്ലിനെക്കാളും ഇഷാൻ കിഷനെക്കാളും മികച്ച കളിക്കാരനാണ് റിതുരാജെന്നും അയാൾക്ക് എല്ലാ പരമ്പരയിലും തുടർച്ചയായി മത്സരങ്ങൾ നൽകണമെന്നും ട്വീറ്റുകൾ പറയുന്നു. ഏകദിനത്തിന് യോജിച്ച കളിക്കാരനാണ് റുതുരാജ് എന്നും അതിനാൽ ഇനിയെങ്കിലും റുതുരാജിന് ആവശ്യമായ മത്സരങ്ങൾ നൽകണമെന്നും അപേക്ഷിക്കുകയാണ് ആരാധകർ.
ഇതുവരെ ഇന്ത്യക്കായി ഒൻപതു ട്വന്റി20 മത്സരങ്ങളിൽ റുതുരാജ് കളിച്ചിട്ടുണ്ട്. 17.9 ആണ് റുതുരാജിന്റെ ശരാശരി. എന്നാൽ ട്വന്റി20യെക്കാൾ റുതുരാജിന് യോജിച്ച ഫോർമാറ്റ് ഏകദിനമാണെന്നു വ്യക്തമാണ്. ഇന്ത്യ എ യുടെ ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിനപരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 71 റൺസ് റുതുരാജ് നേടിയിരുന്നു. എന്തായാലും റുതുരാജിനെ ടീമിൽ നിന്ന് പുറത്താക്കിയത് വരുംദിവസങ്ങളിൽ ചർച്ചയാവാൻ സാധ്യതയുണ്ട്.