ലോകകപ്പിൽ കളിക്കാനാവാത്തത് കിട്ടിയ വലിയ തിരിച്ചടി പക്ഷെ തളരില്ല, അടുത്ത ലക്ഷ്യം ഇതാണ് : താക്കൂർ

   

പലപ്പോഴും ഒരു ബോളറായി മാത്രം ഇന്ത്യ കണ്ടിരുന്നു ഒരു ക്രിക്കറ്ററായിരുന്നു ശർദുൽ താക്കൂർ. എന്നാൽ പതിയെ ബാറ്റിങ്ങിലും ശർദുൽ താക്കൂർ തന്റെ ശ്രദ്ധതിരിക്കാൻ തുടങ്ങി. ഇന്ത്യയുടെ വിദേശ രാജ്യങ്ങളിൽ നടന്ന പല ടെസ്റ്റ് മത്സരങ്ങളിലും താക്കൂർ ബാറ്റിംഗിൽ വീര്യം കാട്ടി. അങ്ങനെ പതിയെ താക്കൂർ ഇന്ത്യയുടെ ഓൾറൗണ്ടറായി മാറി കുറച്ചധികം കാലമായി ഇന്ത്യൻ ടീമിലെ നിറസാന്നിധ്യമായ താക്കൂറിന് പക്ഷെ ഇന്ത്യയുടെ 2022 ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിക്കാൻ സാധിച്ചില്ല. ഇത് തനിക്ക് ലഭിച്ച വലിയ തിരിച്ചടി തന്നെയാണെന്നാണ് താക്കൂർ ഇപ്പോൾ പറയുന്നത്.

   

ലോകകപ്പ് എന്നത് എല്ലാ ക്രിക്കറ്റർമാരുടെയും സ്വപ്നമാണെന്ന് ശർദുൽ താക്കൂർ പറയുന്നു. “ഇന്ത്യയ്ക്കായി 2022 ലോകകപ്പ് കളിക്കാൻ സാധിക്കാതെ വന്നത് എന്നെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയാണ്. ലോകകപ്പിൽ കളിക്കുക എന്നത് എല്ലാ കളിക്കാരെയും സ്വപ്നമാണ്. കളിക്കുക എന്നത് മാത്രമല്ല ജയിക്കുക എന്നതും.”- രണ്ടാം ഏകദിനത്തിന് മുന്നോടിയായി ശർദുൽ താക്കൂർ പറഞ്ഞു.

   

“എന്നിരുന്നാലും ഇതെനിക്ക് അത്ര വലിയ പ്രശ്നമായി തോന്നുന്നില്ല. എന്തെന്നാൽ ഇനിയും ഒരുപാട് നാളുകൾ ബാക്കിയുണ്ട്. മാത്രമല്ല അടുത്തവർഷം ഏകദിന ലോകകപ്പും എത്തുന്നുണ്ട്. ഇനി എന്റെ ശ്രദ്ധ അടുത്ത മത്സരങ്ങളിൽ നന്നായി കളിക്കുന്നതിലാണ്. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് 2023 ഏകദിന ലോകകപ്പിൽ കളിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”- ശർദുൽ കൂട്ടിച്ചേർക്കുന്നു.

   

നിലവിൽ ഇന്ത്യൻ ടീമിനെ പല താരങ്ങളെയും പരിക്ക് പിടികൂടിയ സാഹചര്യങ്ങളിൽ ലോകകപ്പ് കളിക്കാനുള്ള ശർദുലിന്റെ സാധ്യത തള്ളിക്കളയാനാവില്ല. ജസ്പ്രീത് ബുംറയാണ് പരിക്കുമൂലം ഇന്ത്യയുടെ സ്ക്വാഡിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാന കളിക്കാരൻ. ഇതുവരെ ബുമ്രയുടെ പകരക്കാരനെ ഇന്ത്യ നിശ്ചയിച്ചിട്ടില്ല. ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകാദിനത്തിന് മുമ്പ് ദീപക് ചാഹറിനും പരിക്കെറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *