ഇനിയെങ്കിലും ഇന്ത്യ സഞ്ജുവിനെ 3ആം നമ്പറിൽ ഇറക്കി കൂടുതൽ അവസരങ്ങൾ നൽകണം!! വാദവുമായി മുൻ സെലക്ടർ!!

   

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരം അല്പസമയത്തിനകം വാങ്കഡേ സ്റ്റേഡിയത്തിൽ ആരംഭിക്കുകയാണ്. യുവതാരങ്ങൾ അണിനിരക്കുന്ന ഇന്ത്യയുടെ ടീമാണ് പരമ്പരയിൽ കളിക്കുന്നത്. അതിനാൽതന്നെ സഞ്ജു സാംസനും ഇഷാൻ കിഷനുമടക്കമുള്ള യുവകളിക്കാർക്ക് ടീമിൽ സ്ഥാനം ലഭിക്കും എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ സഞ്ജു സാംസണെ ബാറ്റിംഗ് നിരയിൽ മൂന്നാം നമ്പറിൽ ഇറക്കാൻ തയ്യാറാവണമെന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.

   

മൂന്നാം നമ്പറിൽ സഞ്ജുവിനെ ഇറക്കുന്നത് അയാൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും, ഒപ്പം ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നുമാണ് സാബാ കരീം വിശ്വസിക്കുന്നത്. “സഞ്ജു സാംസണ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള അവസരം ഇന്ത്യ നൽകണം. കാരണം അയാൾ ഒരു വലിയ കളിക്കാരനാണ്. കൂടുതൽ അവസരങ്ങൾ അവന് നൽകിയാൽ, അവന്റെ മൂല്യത്തിലും ഉയർച്ചയുണ്ടാകും.”- സാബാ കരീം പറയുന്നു.

   

ഇതിനൊപ്പം ആദ്യ ട്വന്റി20യിൽ ഇന്ത്യക്കായി ശുഭ്മാൻ ഗിൽ ഇഷാൻ കിഷനോപ്പം ഓപ്പൺ ചെയ്യണമെന്നും കരീം പറയുന്നു. “ഇഷാൻ കിഷനൊപ്പം ഗില്ലാണ് ഇറങ്ങേണ്ടത്. ഇരുവർക്കും ഇന്ത്യയ്ക്ക് ആവശ്യമായ പ്ലാറ്റ്ഫോം നൽകാൻ സാധിക്കും. പവർപ്ലെയിൽ റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഭയപ്പാടില്ലാതെ ബാറ്റ് ചെയ്യണം. അത് ഇരുവർക്കും സാധിക്കും. കഴിഞ്ഞ ഐപിഎല്ലിലടക്കം മികച്ച സ്ട്രൈക്ക് റേറ്റിലാണ് ഗില്‍ കളിക്കുന്നത്. അയാൾ ഒരു നല്ല ട്വന്റി20 കളിക്കാരനാണ്.”- കരീം കൂട്ടിച്ചേർക്കുന്നു.

   

ഇതുവരെ സഞ്ജു സാംസൺ തന്റെ കരിയറിൽ രണ്ടുതവണ മാത്രമാണ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിട്ടുള്ളത്. രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി 16 റൺസ് ശരാശരിയിൽ 33 റൺസ് സഞ്ജു നേടിയിട്ടുണ്ട്. എന്നിരുന്നാലും 150 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *