ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വാങ്കഡേയിലാണ് നടക്കുന്നത്. വിരാട് കോഹ്ലിയും രോഹിത് ശർമയുമടക്കമുള്ള സീനിയർ താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ട്വന്റി20 പരമ്പരക്ക് ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഹാർദിക്ക് പാണ്ട്യയാണ് ഇന്ത്യയെ നയിക്കുന്നത്. മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ തരം ആകാശ് ചോപ്ര.
ഇഷാൻ കിഷനൊപ്പം ശുഭമാൻ ഗില്ലാവും ഇന്ത്യക്കായി മത്സരത്തിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യുക എന്നാണ് ആകാശ് ചോപ്ര പറയുന്നത്. “ഇഷാൻ കിഷൻ തീർച്ചയായും ഇന്ത്യയുടെ ഓപ്പണർ ആയിരിക്കും. എന്നാൽ അയാൾക്കൊപ്പം ആരാവും ഓപ്പൺ ചെയ്യുന്നത്? വലിയ ധാരണയില്ല. ഋതുരാജ്, ഗിൽ, ത്രിപാതി എന്നിവരുണ്ട്. എന്നാൽ സൂര്യകുമാറും ഹൂഡയും ഇന്ത്യയുടെ ഓപ്പണറായിട്ടുമുണ്ട്. എനിക്ക് തോന്നുന്നത് ഇന്ത്യയെ സംബന്ധിച്ച് ശുഭമാൻ ഗില്ലാണ് നല്ല ഓപ്ഷൻ എന്നാണ്.”- ചോപ്ര പറയുന്നു.
“മൂന്നാം നമ്പരിൽ സൂര്യകുമാർ ബാറ്റ് ചെയ്യുന്നതാവും ഉത്തമം. കാരണം ഭാവിയെപ്പറ്റി ചിന്തിക്കുമ്പോൾ സൂര്യ മൂന്നാം നമ്പരിൽ ബാറ്റ് ചെയ്യണം. ശേഷം നാലാം നമ്പറിൽ ദീപക്ക് ഹൂഡയാണ് ബാറ്റ് ചെയ്യേണ്ടത്. നായകൻ ഹർദിക്ക് പാണ്ട്യ അഞ്ചാം നമ്പറിലും, സഞ്ജു സാംസൺ ആറാം നമ്പറിലും ഇറങ്ങണം. ശേഷം ഇന്ത്യയുടെ ഓൾറൗണ്ടർമാരെത്തും. അതുകൊണ്ടുതന്നെ സഞ്ജുവിന് ഈ പരമ്പരയിലും ഓപ്പൺ ചെയ്യാൻ സാധിക്കില്ല.”- ആകാശ് ചോപ്ര പറയുന്നു.
ട്വന്റി20യിൽ സഞ്ജു ഇതുവരെ ആറാം നമ്പറിൽ ബാറ്റ് ചെയ്തിട്ടില്ല. ഇതുവരെ 15 ട്വന്റി20കൾ കളിച്ചിട്ടുള്ള സഞ്ജു 7 പ്രാവശ്യവും നാലാം നമ്പറിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. അതിന് തന്നെയാണ് സാധ്യതയും. ഇക്കാര്യത്തിൽ ആകാശ് ചോപ്രയുടെ പ്രവചനം സത്യമാകുമോ എന്ന് കണ്ടറിയണം.