ആദ്യ ഓവറിൽ ചരിത്ര ഹാട്രിക്ക്!! 2 ഓവറിൽ 5 റൺസ് നൽകി 5 വിക്കറ്റുകൾ!! ഉനാദ്കട്ട് പവർ!!

   

12 വർഷത്തിനുശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ തിരികെയെത്തിയ ജയദേവ് ഉനാദ്കട്ടിന് 2023ലും തകർപ്പൻ തുടക്കം. ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ തന്റെ ആദ്യ ഓവറിൽ ഹാട്രിക് നേടിയാണ് ഉനാദ്കട്ട് അത്ഭുതം കാട്ടിയത്. സൗരാഷ്ട്രക്കെതിരായ മത്സരത്തിലായിരുന്നു ഉനാദ്കട്ട് ഈ തകർപ്പൻ ഹാട്രിക് സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ യാഷ് ദൽ ബാറ്റിംഗ് തിരഞ്ഞെടുത്തു. ശേഷമാണ് ഉനാദ്ക്കട്ടിന്റെ ഈ അൽഭുത ഓവർ പിറന്നത്.

   

ഓവറിലെ മൂന്നാം പന്തിൽ ഡൽഹിയുടെ ധ്രുവ് ഷോറെയെയും, നാലാം പന്തിൽ വൈഭവ് റാവലിനെയും, അഞ്ചാം പന്തിൽ യാഷ് ദള്ളിനെയുമാണ് ഉനാദ്കട്ട് കൂടാരം കയറ്റിയത്. രഞ്ജി ട്രോഫി ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബോളർ മത്സരത്തിലെ ആദ്യ ഓവറിൽ ഹാട്രിക് സ്വന്തമാക്കുന്നത്. മുൻപ് 2017-18 സീസണിൽ വിനയ് കുമാർ സമാനമായി ഹാട്രിക് നേടിയിരുന്നെങ്കിലും അത് ഒന്നാം ഓവറിലും മൂന്നാം ഓവറിലുമായി ആയിരുന്നു.

   

ഒന്നാം ഓവറിലെ സംഹാരത്തിനു ശേഷം രണ്ടാം ഓവറിലും ഉനാദ്കട്ട് തന്റെ സംഹാരം തുടർന്നു. രണ്ടാമത്തെ ഓവറിൽ രണ്ട് വിക്കറ്റുകൾ കൂടി നേടി തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 21ആമത്തെ 5 വിക്കറ്റ് നേട്ടമാണ് മത്സരത്തിൽ ഉനാദ്കട്ട് കൊയ്തത്. ഇന്നിംഗ്സിലെ ഉനാദ്കട്ടിന്റെ രണ്ട് ഓവറുകൾ അവസാനിക്കുമ്പോൾ, രണ്ട് ഓവറുകളിൽ അഞ്ചു റൺസ് മാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റ് എന്നതായിരുന്നു ഉനാദ്കട്ടിന്റെ ഫിഗർ.

   

ഉനാദ്കട്ടിന്റെ ഈ സൂപ്പർ ബോളിംഗിൽ ഡൽഹി തകർന്നു വീഴുകയായിരുന്നു. പത്തു റൺസിന് 7 വിക്കറ്റ് നഷ്ടമായ ഡൽഹിയെ വാലറ്റ ബാറ്റർമാരാണ് കൈപിടിച്ചു കയറ്റിയത്. ഒമ്പതാമനായി ഇറങ്ങിയ ഋതിക് ഷോകീനും (57) പത്താമനായിറങ്ങിയ വസിഷ്ട്ടും (24) ഡൽഹിക്കായി പൊരുതിയതിനാൽ അവർ നാണക്കേടിൽ നിന്ന് കരകയറിയിട്ടുണ്ട്. നിലവിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 108ന് 8 എന്ന നിലയിലാണ് ഡൽഹി.

Leave a Reply

Your email address will not be published. Required fields are marked *