2022 ലോകകപ്പിൽ കിരീടം നേടി ഇംഗ്ലണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ്. നിലവിൽ ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും ഇംഗ്ലണ്ടിന്റെ പേരിലാണ്. ഫൈനലിലെ വമ്പൻ വിജയത്തിന് ശേഷം ഇംഗ്ലണ്ട് ടീമിന് ആശംസകൾ അറിയിച്ച് കുറച്ചധികം മുൻ താരങ്ങൾ രംഗത്ത് വരികയുണ്ടായി. ഇംഗ്ലണ്ട് ടീം ഓരോരുത്തർക്കും നൽകിയിരിക്കുന്ന റോളിലെ വ്യക്തതയെപറ്റിയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര സംസാരിക്കുന്നത്. ഈ റോൾ ക്ലാരിറ്റിയാണ് ഇംഗ്ലണ്ടിന്റെ 2022 ലോകകപ്പിലെ വിജയരഹസ്യം എന്ന് ആകാശ് ചോപ്ര പറയുന്നു. ഒപ്പം ഇന്ത്യക്ക് പറ്റിയ തെറ്റും ഇതാണെന്ന് ചോപ്ര കൂട്ടിച്ചേർത്തു.
“ഇംഗ്ലണ്ടിന് തങ്ങളുടെ കളിക്കാരുടെ റോൾ കൃത്യമായി വ്യക്തമാക്കാൻ സാധിച്ചിട്ടുണ്ട്. കുറച്ചുനാളുകൾക്കു മുൻപ് ഡേവിഡ് മലാനായിരുന്നു ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം നമ്പർ ബാറ്റർ അയാൾക്ക് ബാറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിലും ഇംഗ്ലണ്ടിന് യാതൊരു പ്രശ്നവും വരില്ല. ഇന്ത്യയെക്കൊണ്ട് അത് സാധിക്കുമോ? നമ്മൾ നാഴികയ്ക്ക് നാല്പതുവട്ടം റിഷാഭ് പന്ത് എക്സ് ഫാക്ടറാണെന്ന് പറയുകയുണ്ടായി. എന്നാൽ പന്തിനെ മുൻനിരയിൽ കളിപ്പിക്കാൻ പോലും തയ്യാറായില്ല.”- ചോപ്ര പറയുന്നു.
“എന്റെ അഭിപ്രായത്തിൽ റോൾ ക്ലാരിറ്റി എന്നത് ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും അനിവാര്യമായ കാര്യമാണ്. ടീമുകൾ തങ്ങളുടെ കളിക്കാരുടെ കൃത്യമായ റോൾ വ്യക്തമാക്കി ഇറക്കണം. ഇങ്ങനെ വ്യക്തത നൽകുന്നതിലൂടെ കളിക്കാർക്ക് തങ്ങളുടെ ജോലി കൂടുതൽ അനായാസമായി മാറും.ട്വന്റി 20യിൽ ആലോചിക്കാൻ ഒരുപാട് സമയം ലഭിക്കാറില്ല.”- ചോപ്ര കുട്ടിചേർക്കുന്നു.
ഇംഗ്ലണ്ടിനായി പവർപ്ലേയിൽ റൺസ് കണ്ടെത്തിയിരുന്നത് ജോസ് ബട്ലറും അലക്സ് ഹെയ്ൽസുമായിരുന്നു. ബട്ലർ ടൂർണമെന്റിൽ 225 റൺസ് നേടിയപ്പോൾ ഹെയ്ൽസ് 212 റൺസ് നേടി. ഇരുവരും കൃത്യമായ ആക്രമണ മനോഭാവത്തോടെയായിരുന്നു 2022 ലോകകപ്പിൽ കളിച്ചത്.