2022 ലോകകപ്പ് സ്ക്വാഡിലെ ഇന്ത്യയുടെ പ്രാഥമിക സ്പിന്നറാണ് യുസ്‌വേന്ദ്ര ചഹൽ. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച ഫോമിലല്ല കളിച്ചിരുന്നതെങ്കിലും ചാഹൽ ഓസ്ട്രേലിയയിൽ മുമ്പ് കാഴ്ചവച്ച പ്രകടനങ്ങൾ വളരെ പ്രതീക്ഷ നൽകുന്നതാണ്. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ പ്രധാന ബോളറാകാൻ ചഹലിന് സാധ്യതകളേറെയാണ്. ഈ സാഹചര്യത്തിൽ തന്റെ ആദ്യ ട്വന്റി20 ലോകകപ്പ് കളിക്കുന്ന ആവേശം അറിയിച്ചിരിക്കുകയാണ് ചാഹൽ ഇപ്പോൾ. തനിക്ക് ഓസ്ട്രേലിയയിലെ പിച്ചുകളെപ്പറ്റി പൂർണമായും ബോധ്യമുണ്ട് എന്നാണ് ചഹൽ ഇപ്പോൾ പറയുന്നത്.
“ഞാൻ വളരെ ആവേശത്തിലാണ്. കാരണം ലോകകപ്പ് എന്നാൽ ലോകകപ്പ് തന്നെയാണ്. ഞാൻ മുൻപ് ഓസ്ട്രേലിയയിൽ കളിച്ചിട്ടുണ്ട്. അന്ന് നന്നായി കളിക്കാൻ എനിക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ ഓസ്ട്രേലിയയിലെ ഗ്രൗണ്ടിനെകുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും എനിക്ക് നന്നായി അറിയാം. ഞങ്ങൾ ട്രെയിനിങ് ആരംഭിച്ചശേഷം, ഇവിടെ ഏതുതരം ബോളുകൾ ഗുണം ചെയ്യുമെന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നതാണ്.” ചഹൽ പറഞ്ഞു.
“ഇവിടെ വിക്കറ്റിൽ നിന്ന് ബൗൺസ് ലഭിക്കുമ്പോൾ നമ്മൾ നല്ല സ്പീഡിൽ തന്നെ ബോൾ എറിയേണ്ടതുണ്ട്. അതുപോലെതന്നെ ബാറ്റർമാർക്ക് എപ്പോഴും ക്രോസ്സ് ബാറ്റഡ് ഷോട്ടുകൾ കളിക്കാൻ ബുദ്ധിമുട്ടാവും. അതിനാൽ എപ്പോഴും ബോളർമാർക്ക് മത്സരത്തെ നിയന്ത്രിക്കാനും കൈപ്പിടിയിലൊതുക്കാനും സാധിക്കും.”- ചഹൽ കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയൻ പിച്ചുകളിൽ ഇന്ത്യൻ സ്പിന്നർമാർ എങ്ങനെ ബോൾചെയ്യുമെന്നത് കണ്ടറിയേണ്ടത് തന്നെയാണ്. കാരണം സ്പിന്നിന് ഇന്ത്യൻ പിച്ചുകളിൽ ലഭിക്കുന്ന പിന്തുണ ഒരിക്കലും ഓസ്ട്രേലിയൻ പിച്ചുകളിൽ ലഭിക്കില്ല. എന്നാൽ അവിടുത്തെ ബൗൺസ് സ്പിന്നിന് ഗുണം ചെയ്യുമെന്നാണ് ചഹൽ ഇപ്പോൾ പറയുന്നത്.