റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ ആദ്യ സെമിഫൈനൽ ഇന്ന് റായ്പൂരിൽ നടക്കും. മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻസ് ടീം ഷെയിൻ വാട്സൺ നയിക്കുന്ന ഓസ്ട്രേലിയ ലെജൻസിനെ നേരിടും. ലീഗ് സ്റ്റേജിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇരുടീമുകളും സെമിഫൈനലിൽ എത്തിയിരിക്കുന്നത്. ലീഗ് സ്റ്റേജിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ടു വിജയങ്ങളായിരുന്നു ഇന്ത്യ ലെജൻസ് ടീം നേടിയത്. മൂന്ന് മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.
ഇന്ത്യയുടെ ലീഗ് സ്റ്റേജിലെ ബംഗ്ലാദേശിനെതിരായ അവസാന മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബോൾ ചെയ്ത ഇന്ത്യ, ബംഗ്ലാദേശ് ടീമിനെ 121 എന്ന ചെറിയ സ്കോറിൽ ഒതുക്കുകയുണ്ടായി. മറുപടി ബാറ്റിങ്ങിൽ നാല് ഓവറുകളിൽ 29ന് 1 എന്ന നിലയിൽ നിൽക്കുമ്പോൾ മഴ വീണ്ടും വില്ലനായിയെത്തി. എന്നിരുന്നാലും കളിച്ച മത്സരങ്ങളിലോക്കെയും മികച്ച പ്രകടനങ്ങൾ തന്നെയാണ് സച്ചിനും കൂട്ടരും കാഴ്ചവച്ചിട്ടുള്ളത്. ബാറ്റിംഗിലും ബോളിങ്ങിലും ഇതുവരെ കൃത്യമായ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ ഇന്ത്യ ലെജൻസിന് സാധിച്ചിട്ടുണ്ട്.
മറുവശത്ത് ഓസ്ട്രേലിയയും മികച്ച പ്രകടനങ്ങളായിരുന്നു ടൂർണ്ണമെന്റിൽ കാഴ്ച വച്ചിരുന്നത്. ലീഗ് സ്റ്റേജിൽ അഞ്ച് മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയ മൂന്നെണ്ണത്തിൽ വിജയംകണ്ടു. ഗ്രൂപ്പിൽ രണ്ടാമതായിയാണ് ഓസീസ് ഫിനിഷ് ചെയ്തത്. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു ഓസ്ട്രേലിയ സെമിയിലെത്തിയത്. ക്യാപ്റ്റൻ ഷെയിൻ വാട്സണും ബെൻ ഡങ്കും ബ്രാഡ് ഹോഡ്ജുമടങ്ങുന്ന ബാറ്റിംഗ് നിര തന്നെയാണ് ഓസിസ് ടീമിന്റെ ശക്തി.
വൈകിട്ട് 7 30നാണ് ത്സരം നിശ്ചയിച്ചിരിക്കുന്നത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിലാണ് മത്സരം നടക്കുന്നത്. അതിനാൽ തന്നെ മത്സരത്തിൽ റണ്ണോഴുകും എന്നതുറപ്പാണ്. ടോസ് നേടുന്ന ടീം ബോളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. പേപ്പറിൽ ശക്തർ ഇന്ത്യ തന്നെയായതിനാൽ വിജയസാധ്യതയും സച്ചിൻ നയിക്കുന്ന ഇന്ത്യൻ ലേജൻസ് ടീമിന് തന്നെയാണ്.