ധോണിയേക്കാൾ ശാന്തൻ, കൃത്യമായ പ്ലാനിങ് സഞ്ജു തന്നെ ഇന്ത്യയുടെ ഭാവി നായകൻ

   

ഇന്ത്യയുടെ ന്യൂസിലാൻഡ് എ ടീമിനെതിരെ മത്സരങ്ങളിൽ കണ്ടത് സഞ്ജു സാംസൺ എന്ന ക്യാപ്റ്റന്റെ മികവ് തന്നെയായിരുന്നു. വിക്കറ്റിനു മുൻപിലും പിന്നിലും കളിക്കളത്തിലും മൊത്തമായി കാര്യങ്ങൾ ശാന്തതയോടെ കൈകാര്യം ചെയ്തു സഞ്ജു. അതിന്റെ ആകെത്തുകയായിരുന്നു ഇന്ത്യ എ ടീം പരമ്പരയിൽ നേടിയ അത്യുഗ്രൻ വിജയം. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്തിയത് മുതൽ ലോകത്താകമാനമുള്ള സഞ്ജു ആരാധകർ നീതിക്കായി രംഗത്തുവന്നിരുന്നു. ഇതിനുള്ള കാരണം ഇപ്പോൾ ബിസിസിഐയ്ക്ക് വ്യക്തമായിട്ടുണ്ടാവും. അങ്ങനെ ഒരു പ്രകടനമാണ് സഞ്ജു പരമ്പരയിൽ കാഴ്ചവച്ചത്.

   

പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച നായക മികവിലൂടെ ന്യൂസിലാൻഡ് എ ടീമിനെ 167 റൺസിൽ ഒതുക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ അനായാസ വിജയം നേടിയപ്പോൾ 32 പന്തുകളിൽ 29 റൺസുമായി സഞ്ജു പുറത്താവാതെ നിന്നു. അവസാന പന്തിൽ സിക്സർ നേടിയായിരുന്നു സഞ്ജു മത്സരത്തിൽ ഫിനിഷ് ചെയ്തത്.

   

രണ്ടാം ഏകദിനത്തിലും സഞ്ജുവിന്റെ മികച്ച ക്യാപ്റ്റൻസി തന്നെയാണ് കാണാനായത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെ 219 എന്ന സ്കോറിൽ ഒതുക്കാൻ സഞ്ജുവിന്റെ പടയ്ക്കു സാധിച്ചു. കുൽദീപ് യാദവിന്റെ അവസാന ഓവർ മാറ്റിവെച്ച ശേഷം, ഡെത്ത് ഓവറിൽ എറിയിപ്പിച്ച സഞ്ജുവിന്റെ തന്ത്രമായിരുന്നു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കൂടാതെ മത്സരത്തിൽ 35 പന്തുകളിൽ 37 റൺസും സഞ്ജു നേടുകയുണ്ടായി.

   

മൂന്നാം ഏകദിനത്തിലും ഇന്ത്യയുടെ രക്ഷകനായി സഞ്ജു അവതരിച്ചു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ പതറുന്ന ഘട്ടത്തിൽ സഞ്ജു ഒരു ക്യാപ്റ്റന്റെ ഇന്നിങ്സ് കളിച്ചു. 68 പന്തുകളിൽ 54 റൺസ് നേടി സഞ്ജു ഇന്ത്യയെ കരകയറ്റി. അങ്ങനെ മൂന്നു മത്സരങ്ങളിലും കൂടെ 120 ആയിരുന്നു സഞ്ജു സാംസൺ നേടിയത്. അതും 60 റൺസ് ശരാശരിയിൽ. ഒരു ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും സഞ്ജു ആരാണെന്ന് കാട്ടുന്ന പരമ്പര കൂടിയാണ് അവസാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *