ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരത്തിൽ പല മുൻ ക്രിക്കറ്റർമാരും ചൂണ്ടിക്കാട്ടിയ കാര്യം മോശം പ്രകടനം തന്നെയായിരുന്നു. ഇന്ത്യയുടെ ബോളർമാരെല്ലാം തന്നെ ഓസിസ് ബാറ്റിംഗിന്റെ ചൂട് അറിഞ്ഞിരുന്നു. എന്നാൽ ഇതിലും വലിയൊരു പ്രശ്നം ഇന്ത്യയ്ക്ക് ആദ്യ ട്വന്റി20യിൽ നേരിട്ടുവെന്നാണ് മുൻ താരം രവിശാസ്ത്രി പറയുന്നത്. ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെയാണ് രവിശാസ്ത്രി രൂക്ഷമായി വിമർശിച്ചത്.
മത്സരത്തിൽ കുറച്ചധികം ക്യാച്ചുകൾ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. ഇത് മത്സരത്തിന്റെ ആകെ ഫലത്തെയും വളരെയധികം ബാധിച്ചിട്ടുണ്ട്. ആദ്യം ക്യാമറോൺ ഗ്രീനിന്റെ ക്യാച്ചാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. 42 റൺസിൽ ബാറ്റ് ചെയ്തിരുന്ന ഗ്രീൻ നൽകിയ സുവർണാവസരം അക്ഷർ പട്ടേൽ നഷ്ടപ്പെടുത്തി. ശേഷം സ്റ്റീവ് സ്മിത്തിന്റെ നിർണായകമായി ക്യാച്ച് കെ എൽ രാഹുൽ നഷ്ടപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു റണ്ണിൽ നിൽക്കുമ്പോൾ മാത്യു വെയ്ഡ് നൽകിയ അവസരം ഹർഷൽ പട്ടേലും പാഴാക്കി.ഈ ക്യാച്ചുകൾ കൃത്യമായി കൈപ്പിടിയിലൊതുക്കാതിരുന്നതാണ് രവി ശാസ്ത്രീയെ പ്രകോപിതനാക്കിയത്.
“ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ കാലങ്ങൾ പരിശോധിച്ചാൽ അതിൽ യുവതയും പരിചയസമ്പന്നതയും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇവിടെ ഫീൽഡിങ്ങിൽ എനിക്ക് യുവതയെ കാണാനാവുന്നില്ല. കഴിഞ്ഞ അഞ്ച്-ആറ് വർഷങ്ങളിൽ ഇന്ത്യ തന്നെയായിരുന്നു ഫീൽഡിങ്ങിൽ മികച്ച ടീം. വലിയ ടൂർണമെന്റുകളിലും മികച്ച ഫീൽഡിങ് നമ്മളെ സഹായിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ മത്സരത്തിലും ഒരു 15-20 റൺസ് നമുക്ക് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ എവിടെയാണ് ഫീൽഡിംഗ്? ജഡേജ ടീമിലില്ല. എവിടെയാണ് നമ്മുടെ X ഫാക്ടർ?”- രവിശാസ്ത്രി ചോദിക്കുന്നു.
“ആദ്യ ട്വന്റി20യിൽ ഫീൽഡിങ് നിലവാരം തന്നെയാണ് ഇന്ത്യയെ ബാധിച്ചത്. അത് ഉയർത്തേണ്ടത് അത്യാവശ്യം തന്നെയാണ്. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റ്കൾ വരാനിരിക്കുമ്പോൾ ഫീൽഡിങ്ങിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.”-രവി ശാസ്ത്രി കൂട്ടിച്ചേർക്കുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യമത്സരത്തിലെ പരാജയം ഇത്തരം ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ കുറവുകൾ പരിഹരിച്ച് രണ്ടാം മത്സരത്തിൽ ഇന്ത്യ തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.