സൂര്യ താണ്ഡവത്തിൽ ഉത്തരമില്ലാതെ സിംബാബ്വേ!! ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി സെമിയിലേക്ക്!!

   

സിംബാബ്വേക്കെതിരായ അവസാന സൂപ്പർ പന്ത്രണ്ട് മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു തകർപ്പൻ വിജയം. മെൽബണിൽ നടന്ന മത്സരത്തിൽ 71 റൺസിനാണ് ഇന്ത്യ സിംബാബ്വേയെ പരാജയപ്പെടുത്തിയത്. സൂര്യകുമാർ യാദവിന്റെയും കെഎൽ രാഹുവിന്റെയും മികവാർന്ന ബാറ്റിംഗായിരുന്നു ഇന്ത്യയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായി സെമിഫൈനലിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മെൽബണിലെ വലിയ മൈതാനത്ത് വളരെ പതിയെയാണ് ഇന്ത്യൻ ഓപ്പണർമാർ തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. വിരാട് കോഹ്ലിക്കൊപ്പം കെഎൽ രാഹുൽ ക്രീസിലുറക്കുന്നതാണ് പിന്നീട് കണ്ടത്. മത്സരത്തിൽ 35 പന്തുകളിൽ 51 റൺസായിരുന്നു കെ എൽ രാഹുൽ നേടിയത്. എന്നാൽ രാഹുൽ കൂടാരം കയറിയ ശേഷം ഇന്ത്യ അല്പം പതറി. തുടർച്ചയായി വിക്കറ്റ്കൾ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. ഒരു നിമിഷം ഇന്ത്യൻ സ്കോർ 150ൽ ഒതുങ്ങുമെന്ന് പോലും തോന്നി. എന്നാൽ പിന്നീട് സൂര്യകുമാർ തന്റെ അസ്ത്രങ്ങൾ പ്രയോഗിക്കുകയായിരുന്നു കണ്ടത്. 360 ഡിഗ്രിയിൽ താണ്ഡവമാടിയ സൂര്യ ബോളർമാരെ നാലുപാടും തൂക്കിയടിച്ചു. സിംബാബ്വേ ബോളർമാരുടെ പേസ് സൂര്യ പരമാവധി ഉപയോഗിച്ചു. മത്സരത്തിൽ 25 പന്തുകളിൽ 61 റൺസായിരുന്നു സൂര്യകുമാർ നേടിയത്. ഇന്നിംഗ്സിൽ ആറ് ബൗണ്ടറികളും നാല് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. സൂര്യയുടെ ഈ തീപ്പൊരി ഫിനിഷിംഗിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 185 റൺസായിരുന്നു ഇന്ത്യ നേടിയത്.

   

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ ബാറ്റർമാർക്ക് കാണാനായിത് സ്വിങ് ബോളിങ്ങിന്റെ ഒരു മാരകവേർഷൻ ആയിരുന്നു. ആദ്യ ഓവറുകളിൽ ഇന്ത്യയുടെ സീം ബോളർമാർ തങ്ങൾക്ക് ലഭിച്ച സ്വിങ് പരമാവധി ഉപയോഗിച്ചു. അങ്ങനെ കൃത്യമായ സമയങ്ങളിൽ സിംബാബ്വേയുടെ വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിന്റെ ഒരു സമയത്ത് പോലും ഇന്ത്യൻ സ്കോറിന്റെ അടുത്തെത്താൻ പോലും സിംബാബ്വേയ്ക്ക് സാധിച്ചില്ല എന്നതാണ് സത്യം. മത്സരത്തിൽ 71 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്.

   

ഇന്ത്യയ്ക്ക് വളരെയേറെ പ്രതീക്ഷകൾ നൽകുന്ന ബാറ്റിംഗ് പ്രകടനമാണ് സൂര്യകുമാർ യാദവ് മത്സരത്തിൽ കാഴ്ചവച്ചത്. സൂര്യയുടെ ബാറ്റിൽ നിന്നുയർന്ന നാല് സിക്സറുകളും അങ്ങേയറ്റം ഭംഗിയേറിയതായിരുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെയേറെ മികവാർന്ന വിജയം തന്നെയാണ് മത്സരത്തിൽ നേടിയിട്ടുള്ളത്. ഇന്ത്യക്ക് ഇംഗ്ലണ്ട് ടീമാണ് ലോകകപ്പിന്റെ സെമിഫൈനലിൽ എതിരാളികൾ. വ്യാഴാഴ്ച രണ്ടാം സെമി ഫൈനലിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *