കോഹ്ലിയും രാഹുലുമില്ല!! അടിമുടി മാറ്റങ്ങളുമായി ഇന്ത്യ ഇന്ന് ഇറങ്ങും

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 ഇന്നു നടക്കും. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ലോകകപ്പിന് മുമ്പ് തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള അവസരം കൂടിയാണ് മത്സരം. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന ട്വന്റി20 മത്സരമായതിനാൽ തന്നെ തെറ്റുകൾ കൃത്യമായി കണ്ടെത്തി പരിഹരിക്കാനാവും ഇന്ത്യ മത്സരത്തിൽ ശ്രമിക്കുക. വൈകിട്ട് 7 മണിക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്റ്റാർ ബാറ്റർമാരായ വിരാട് കോഹ്‌ലിയും കെ എൽ രാഹുലും മത്സരത്തിൽ കളിക്കില്ല എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

   

വിരാട് കോഹ്ലിയ്ക്കും കെഎൽ രാഹുലിനും ലോകകപ്പിന് മുമ്പ് വിശ്രമം അനുവദിച്ചതായി ബിസിസിഐ ഒഫീഷ്യൽ അറിയിച്ചിരുന്നു. ഈ മത്സരത്തിന് ശേഷം ഇരുവരും ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ചേരും. ഒക്ടോബർ ആറിനാണ് ഇന്ത്യൻ ടീം ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നത്. കോഹ്ലിയ്ക്ക് പകരം അവസാന ട്വന്റി20യിൽ ശ്രെയസ് അയ്യർ കളിക്കാനാണ് സാധ്യത.

   

രാഹുലിന് പകരം റിഷാഭ് പന്തോ സൂര്യകുമാർ യാദവോ ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മറ്റൊരു റിസർവ് ബാറ്റർ ഇല്ലാത്തതിനാൽ തന്നെ ഷഹബാസ് അഹമ്മദ് ടീമിൽ കളിക്കാനും സാധ്യതയുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ടു വിക്കറ്റുകൾക്കും രണ്ടാം മത്സരത്തിൽ 16 റൺസിനുമാണ് ഇന്ത്യ വിജയം കണ്ടത്. ഇരു മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചെങ്കിലും ഇപ്പോഴും ഇന്ത്യയുടെ ഡെത്ത് ഓവർ ബോളിംഗ് പ്രതിസന്ധിയിൽ തന്നെയാണ്.

   

അവസാനമത്സരത്തിൽ ഇതിനൊരു മാറ്റം വരുത്താനാകും ഇന്ത്യ ശ്രമിക്കുക. ട്വന്റി20 പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കും. ശിഖർ ധവാനാണ് ഇന്ത്യയുടെ ഏകദിനപരമ്പരയിലെ ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ ഏകദിനപരമ്പരയിലെ സ്ക്വാഡിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *