ഒരുപാട് സർപ്രൈസുകൾ നിറഞ്ഞ ഒന്നായിരുന്നു 2007ലെ ട്വന്റി20 ലോകകപ്പ്. പ്രാഥമിക ട്വന്റി20 ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയ സീനിയർ താരങ്ങൾ മാറി നിന്നപ്പോൾ ധോണിയുടെ നേതൃത്വത്തിൽ യുവതാരങ്ങളുടെ നിര ജേതാക്കളാവുകയാണ് ഉണ്ടായത്. പ്രസ്തുത ലോകകപ്പിന്റെ ഫൈനലിനു മുൻപ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണായ വീരേന്ദ്ര സേവാഗിന് പരിക്കുപറ്റിയിരുന്നു. ശേഷം യുവതാരമായ യൂസഫ് പത്താനാണ് ഇന്ത്യക്കായി ഫൈനലിൽ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഈ അവസരത്തെപ്പറ്റി യൂസഫ് പത്താൻ പിന്നീട് സംസാരിക്കുകയുണ്ടായി.
തന്റെ ആദ്യ മത്സരമായ ഫൈനലിനു മുൻപ് ഇന്ത്യയുടെ അന്നത്തെ ഓപ്പണറായ ഗൗതം ഗംഭീറും യുവരാജ് സിംഗും ഇർഫാൻ പത്താനും തനിക്ക് നൽകിയ പ്രചോദനത്തെ പറ്റിയാണ് യൂസഫ് പത്താൻ പറഞ്ഞത്. “ഞാനാണ് എന്ന് ഇന്നിംഗ്സിൽ ഓപ്പണറാവുക എന്നറിഞ്ഞിരുന്നില്ല. അന്ന് ഞാൻ ജിമ്മിൽ ആയിരുന്നപ്പോൾ യുവരാജ് സിംഗ് എന്റെ അടുത്തുവരികയും ‘നീ ജിമ്മിൽ എന്താണ് ചെയ്യുന്നത്?’ എന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹമാണ് ഞാൻ ഫൈനലിൽ കളിക്കുന്നുണ്ടെന്ന് അറിയിച്ചത്.”- യൂസഫ് പറയുന്നു.
“ശേഷം ഇർഫാൻ എനിക്ക് പ്രചോദനം നൽകുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്തു. അത്രയും വലിയ വാർത്ത ഉൾക്കൊള്ളാൻ എനിക്ക് ചെറിയ സമയം മാത്രമാണ് ഉണ്ടായിരുന്നത്. സീനിയർ കളിക്കാർ എനിക്ക് ഒരുപാട് പ്രചോദനങ്ങൾ നൽകി. ഫൈനലിൽ ഗംഭീറായിരുന്നു എന്റെ ഓപ്പണിങ് പാർട്ണർ. അദ്ദേഹം എന്നോട് പറഞ്ഞത് മറ്റൊന്നിനെപറ്റിയും ഓർക്കാതെ ആസ്വദിച്ചു കളിക്കാനായിരുന്നു. അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചു. ഒരിക്കലും മറക്കാനാവാത്ത ലോകകപ്പ് തന്നെയായിരുന്നു അത്.”- യൂസഫ് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യൻ നിരയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ലോകകപ്പ് തന്നെയായിരുന്നു 2007ലേത്. ഉത്തപ്പയും യുവരാജും രോഹിതുമടങ്ങുന്ന യുവതാരങ്ങളുടെ കരിയർ നിശ്ചയിച്ചതും ഈ ലോകകപ്പ് ആയിരുന്നു. ഇതിനുശേഷം മറ്റൊരു ട്വന്റി ട്വന്റി ലോകകപ്പ് നേടാൻ ഇന്ത്യയിൽ ടീമിനെ സാധിച്ചിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്.