പണി പാളുന്നത് ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല! ഇന്ത്യയുടെ ലോകകപ്പിലെ പ്രധാന പ്രശ്നം ഇതായിരുന്നു – ഗവാസ്കർ

   

ലോകകപ്പ് ട്വന്റി20ക്ക് മുൻപ് ഇന്ത്യക്കേറ്റ കനത്ത തിരിച്ചടി തന്നെയായിരുന്നു രവീന്ദ്രൻ ജഡേജയുടെ പരിക്ക്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒപ്പം ഫീൽഡിങ്ങിലും ജഡേജയുടെ അഭാവം ഇന്ത്യയെ ലോകകപ്പിൽ ബാധിച്ചിരുന്നു. ഇന്ത്യയുടെ ലോകകപ്പ് സെമിയിലെ പുറത്താകലിന് പ്രധാന കാരണമായത് മോശം ഫീൽഡിങ്ങാണ് എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സുനിൽ ഗവാസ്കർ ഇപ്പോൾ പറയുന്നത്. ടൂർണമെന്റിലുടനീളം ഇന്ത്യ മോശം ഫീൽഡിങ് തുടർന്നുവെന്ന് ഗവാസ്കർ പറയുന്നു.

   

ഫീൽഡിങ് എന്നത് ട്വന്റി20 ക്രിക്കറ്റിൽ എത്രമാത്രം നിർണായകമാണ് എന്നാണ് ഗവാസ്കർ ചൂണ്ടിക്കാട്ടുന്നത്. “ഇത്തവണത്തെ ലോകകപ്പ് ഇന്ത്യയെ മനസ്സിലാക്കി തരുന്ന ഒരു കാര്യമുണ്ട്. ട്വന്റി20 മത്സരങ്ങൾ വിജയിക്കാൻ ഏറ്റവും ആവശ്യമായത് നല്ല ഫീൽഡിങ്ങാണ് എന്ന കാര്യം.”- ഗവാസ്കർ പറയുന്നു.

   

“എല്ലാ ടീമുകൾക്കും ടോപ്പ് ബാറ്റർമാരെ ആവശ്യമാണ്. വെടിക്കെട്ട് ഫിനിഷർമാരെ ആവശ്യമാണ്. കഴിവുള്ള ബോളർമാരെ ആവശ്യമാണ്. എന്നാൽ അതിലും ആവശ്യം മികച്ച ഫീൽഡിങ് പുറത്തെടുക്കുക എന്നത് തന്നെയാണ്. ബൗണ്ടറികൾ തടഞ്ഞുനിർത്താൻ സാധിക്കുന്ന, അവിസ്മരണീയ ക്യാച്ചുകൾ എടുക്കാൻ സാധിക്കുന്ന, റൺഔട്ടുകൾ ഉണ്ടാക്കാൻ സാധിക്കുന്ന ഫീൽഡർമാരില്ലാതെ ട്വന്റി20 മത്സരങ്ങളിൽ വിജയിക്കുക എന്നത് അസാധ്യമാണ്.”- ഗവാസ്കർ കൂട്ടിച്ചേർത്തു. ഇതോടൊപ്പം ന്യൂസിലാൻഡിനെതിരെ പരമ്പരയെ കുറിച്ചും ഗവാസ്കർ സംസാരിക്കുകയുണ്ടായി.

   

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യയുടെ യുവകളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നാണ് സുനിൽ ഗവാസ്കർ കരുതുന്നത്. സീനിയർ കളിക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന അവസരത്തിൽ യുവതാരങ്ങൾ അവസരം മുതലാക്കണമെന്നും ഗവാസ്കർ പറയുന്നു. സീനിയേഴ്സിൽ നിന്ന് ടീമിനെ സ്ഥാനങ്ങൾ തട്ടിയെടുക്കാനുള്ള അവസരമായി ഇതിനെ കാണണമെന്നാണ് ഗവാസ്കർ പറഞ്ഞുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *