ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ പരമ്പര ആരംഭിച്ചിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിൽ അണിനിരന്ന സീനിയർ കളിക്കാർക്കും കോച്ച് രാഹുൽ ദ്രാവിഡിനും വിശ്രമം അനുവദിച്ചാണ് ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഇറങ്ങുന്നത്. വിവിഎസ് ലക്ഷ്മണാണ് പരമ്പരയിൽ ഇന്ത്യൻ യുവനിരയ്ക്ക് പരിശീലനം നൽകുന്നത്. എന്നാൽ ഇങ്ങനെ സീനിയർ കളിക്കാർക്കും കോച്ചിനും തുടർച്ചയായി വിശ്രമം അനുവദിക്കുന്നത് അഭികാമ്യമായി തോന്നുന്നില്ല എന്നാണ് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറയുന്നത്.
ഇന്ത്യയുടെ ഹെഡ്കോച്ച് രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിക്കേണ്ടതിന്റെ ആവശ്യമെന്ത് എന്ന് ശാസ്ത്രി ചോദിക്കുന്നു. “ഇത്തരം ഇടവേളകളിൽ ഞാൻ വിശ്വസിക്കുന്നില്ല. കാരണം എനിക്ക് എന്റെ കളിക്കാരെ മനസ്സിലാക്കണം. എന്റെ ടീമിനെ മനസ്സിലാക്കണം. അതിനുള്ള നിയന്ത്രണം ഏറ്റെടുക്കണം. അതിനിടെ വിശ്രമം അനുവദിക്കുന്നത് ശരിയല്ല. യഥാർത്ഥത്തിൽ ഇത്രയും ഇടവേളകളുടെ ആവശ്യമെന്താണ്? ഒരു കോച്ചിനെ സംബന്ധിച്ച് ഐപിഎൽ നടക്കുന്ന രണ്ടു മൂന്നു മാസങ്ങളിൽ ആവശ്യമായ ഇടവേള ലഭിക്കും. അതിനാൽ ബാക്കിയുള്ള സമയങ്ങളിൽ കോച്ച് ടീമിനൊപ്പം തന്നെ ഉണ്ടാവണം.”- ശാസ്ത്രീ പറഞ്ഞു.
ഇതോടൊപ്പം ഇന്ത്യ ട്വന്റി20യിൽ കൂടുതൽ യുവകളിക്കാരെ മുൻപിലേക്ക് കൊണ്ടുവരണമെന്ന ലക്ഷ്മണിന്റെ നിലപാടിനെ ശാസ്ത്രി അനുകൂലിക്കുന്നു. “അതുതന്നെയാണ് മുൻപിലേക്കുള്ള വഴി. ലക്ഷ്മൺ പറഞ്ഞത് കൃത്യമായ കാര്യമാണ്. യുവകളിക്കാരിൽ നിന്ന് സ്പെഷലിസ്റ്റായവരെ നമ്മൾ കണ്ടെത്തണം. ഈ രണ്ടു വർഷത്തിനിടയിൽ ഭയപ്പാടില്ലാതെ കളിക്കാൻ സാധിക്കുന്ന, മികച്ച ഫീൽഡിങ് കാഴ്ചവയ്ക്കാൻ സാധിക്കുന്നവരെ കണ്ടെത്തിയേ പറ്റൂ.”- ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.
നവംബർ 18 മുതൽ 30 വരെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം നടക്കുന്നത്. 3 ട്വന്റി20കളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. പരമ്പരയിൽ വിജയിച്ച് പ്രൗഡി കാട്ടാനവും ഇന്ത്യൻ യുവനിര ശ്രമിക്കുന്നത്.