പാകിസ്ഥാൻ കളിച്ചില്ലെങ്കിൽ 2023ലെ ലോകകപ്പ് ആര് കാണാൻ? രമിസ് രാജയുടെ ചോദ്യം ഇങ്ങനെ

   

ഇന്ത്യ- പാകിസ്ഥാൻ രാഷ്ട്രീയ സാഹചര്യങ്ങൾ എന്നും ക്രിക്കറ്റിൽ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ദ്വിരാഷ്ട്രപരമ്പരകളിൽ ഏറ്റുമുട്ടാത്തതും രാഷ്ട്രീയപരമായ പ്രശ്നങ്ങൾ മൂലമാണ്. 2023ലെ ഏഷ്യാകപ്പ് പാകിസ്ഥാനിൽ നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീം ടൂർണമെന്റിൽ പങ്കെടുക്കില്ല എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ മുൻപ് അറിയിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയായി 2023ൽ ഇന്ത്യയിൽ നടക്കുന്ന 50 ഓവർ ലോകകപ്പിൽ നിന്ന് പാക്കിസ്ഥാൻ വിട്ടുനിൽക്കും എന്ന് പിസിബിയും അറിയിച്ചു. ഇതേപ്പറ്റിയാണ് പിസിബി ചീഫ് ആയ രമീസ് രാജ സംസാരിക്കുന്നത്.

   

2023ലെ ലോകകപ്പിൽ പാകിസ്ഥാൻ കളിക്കാത്ത പക്ഷം ആരും തന്നെ ലോകകപ്പ് കാണില്ല എന്നാണ് രാജ ഇപ്പോൾ പറയുന്നത്. “അടുത്തവർഷം ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കാത്ത പക്ഷം ആര് ലോകകപ്പ് കാണാനാണ്? ഞങ്ങൾക്ക് കൃത്യമായ ഒരു നിലപാടുണ്ട്. ഇന്ത്യൻ ടീം ഇവിടെ വന്ന് കളിച്ചാൽ ഞങ്ങൾ ഇന്ത്യയിൽ പോയി ലോകകപ്പ് കളിക്കും. അവർ വന്നില്ലെങ്കിൽ ഞങ്ങളും പോവില്ല. അത്തരം ഒരു നിലപാടാണ് ഞങ്ങൾക്ക്.”- രമിസ് രാജ പറയുന്നു.

   

“ഞങ്ങളുടെ ടീം മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. പാക്കിസ്ഥാൻ ടീമിന്റെ സാമ്പത്തിക മേഖല വർധിപ്പിക്കാൻ മികച്ച പ്രകടനങ്ങൾക്ക് സാധിക്കൂ. 2021 ലോകകപ്പിൽ ഞങ്ങൾ ഇന്ത്യയെ പരാജയപ്പെടുത്തി. ഏഷ്യാകപ്പിലും പരാജയപ്പെടുത്തി. ഈ ഒരു വർഷം ബില്യൺ ഡോളർ സാമ്പത്തികമുള്ള ഇന്ത്യൻ ടീമിനെ രണ്ടുതവണയാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്.”- രമീസ് രാജ കൂട്ടിച്ചേർക്കുന്നു.

   

2023ലെ ഏഷ്യകപ്പ് മാത്രമല്ല, 2025ലെ ചാമ്പ്യൻസ് ട്രോഫിയും പാകിസ്ഥാനിലാണ് നിശ്ചയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് പാക്കിസ്ഥാന്റെ മണ്ണിലേക്ക് തിരിച്ചെത്തുമ്പോൾ ചാമ്പ്യൻസ് ട്രോഫിയായിരിക്കും അവിടെ നടക്കാൻ പോകുന്ന ആദ്യത്തെ ഐസിസി ഇവന്റ്.

Leave a Reply

Your email address will not be published. Required fields are marked *