ഒരു ക്രിക്കറ്റ് മത്സരം തടസ്സപ്പെടാൻ ഒരുപാട് കാരണങ്ങളുണ്ട്. ചിലപ്പോൾ മഴ മൂലമോ മറ്റു സാങ്കേതിക പ്രശ്നങ്ങൾ മൂലമോ മത്സരം തടസ്സപ്പെട്ടേക്കാം. എന്നാൽ ഗ്രൗണ്ടിലേക്ക് ഇഴഞ്ഞുവന്ന ഒരു പാമ്പു മൂലം മത്സരം തടസ്സപ്പെടുന്നത് സ്വാഭാവിക കാഴ്ചയല്ല. അങ്ങനെ ഒരു സംഭവമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ കണ്ടത്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അതിനിടെയാണ് സംഭവം അരങ്ങേറിയത്.
മത്സരത്തിന്റെ ഏഴാം ഓവറിന് ശേഷമുള്ള സമയത്താണ് പാമ്പ് മൈതാനത്തേക്ക് ഇഴഞ്ഞെത്തിയത്. രണ്ടു ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ ഈ വിവരം ഗ്രൗണ്ടിൽ ഉണ്ടായിരുന്ന അമ്പയർമാരുമായി കൈമാറി. ശേഷം അമ്പയർമാർ ഗ്രൗണ്ട് സ്റ്റാഫിനെ വിവരം അറിയിക്കുകയും അവർ ആവശ്യമായ ഉപകരണങ്ങളുമായി വന്ന് പാമ്പിനെ നീക്കം ചെയ്യുകയാണുണ്ടായത്. ഈ സമയത്ത് ഔദ്യോഗികമായി ഡ്രിങ്ക്സ് ബ്രേക്ക് വിളിച്ചു. എന്നാൽ മത്സരം ഏറെ നേരത്തേക്ക് തടസ്സപ്പെട്ടില്ല. കുറച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ മത്സരം പുനരാരംഭിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം മത്സരത്തിലും വിജയം നേടിയതോടെ ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കി. മത്സരത്തിൽ 16 റൺസിനായിരുന്നു ഇന്ത്യ വിജയം കണ്ടത്. ഇതാദ്യമായാണ് ഇന്ത്യ തങ്ങളുടെ നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ട്വന്റി20 പരമ്പര സ്വന്തമാക്കുന്നത്. മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കെതിരെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോറും ഇന്ത്യ മത്സരത്തിൽ നേടുകയുണ്ടായി. 237 റൺസായിരുന്നു ഇന്ത്യ മത്സരത്തിൽ അടിച്ചുകൂട്ടിയത്.
എന്നാൽ ഇന്ത്യയുടെ ഡെത്ത് ബോളിഗിനെ സംബന്ധിച്ചുള്ള ആശങ്കകൾ മത്സരത്തിന് ശേഷവും നിലനിൽക്കുകയാണ്. മത്സരത്തിൽ അർഷദീപ് സിംഗ് നാല് ഓവറുകളിൽ 62 റൺസാണ് വഴങ്ങിയത്. ഹർഷൽ പട്ടേൽ 45ഉം. ദീപക് ചാഹർ മാത്രമാണ് സിം ബോളർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മൂന്നാം മത്സരത്തിൽ ഈ പ്രശ്നം കൂടി പരിഹരിച്ച് ഇന്ത്യ ലോകകപ്പിലേക്ക് പോകും എന്നാണ് കരുതുന്നത്.
Play stopped due Snake on the Cricket Field..#Cricket#Assam#T20 pic.twitter.com/gxMEheOTkI
— मुंबई Matters™✳️ (@mumbaimatterz) October 2, 2022