ഇനി ഇന്ത്യ പേടിക്കേണ്ടത് അവർക്കെതിരായ മത്സരം!! ഇനി താഴേക്ക് പോവരുത് – ഹർഭജൻ

   

പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ വളരെയധികം ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ അത്ഭുതപ്രകടനം കാഴ്ചവച്ച ഇന്ത്യ എല്ലാ അർത്ഥത്തിലും അത് തുടരാൻ തന്നെയാവും ശ്രമിക്കുന്നത്. നിലവിൽ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ ശക്തരായ എതിരാളികൾ. ഇപ്പോൾ പാകിസ്താനെ പരാജയപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യ സെമിഫൈനൽ സാധ്യതകൾ ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയുള്ളത് ഉയർന്ന നിലയിലാണെന്നും അത് താഴേക്ക് കൊണ്ടുപോകരുതെന്നുമാണ് ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറയുന്നത്.

   

“എനിക്ക് തോന്നുന്നില്ല ഇന്ത്യ ഈ ഉയർന്ന ആധിപത്യം കളയുമെന്ന്. വരുന്ന മത്സരങ്ങളിൽ ഇതിലും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാനാവും ഇന്ത്യ ശ്രമിക്കുക. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയുമാണ് നമ്മുടെ ഗ്രൂപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ സാധിക്കുന്ന ടീമുകൾ. എന്നാൽ ഇതിൽ ഒരു ടീമിനെതിരെ നമ്മൾ വിജയം കണ്ടിരിക്കുകയാണ്. അതിനാൽതന്നെ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മത്സരം പ്രധാനപ്പെട്ടതാവും. ബാക്കിയുള്ള ടീമുകൾ പരിശോധിച്ചാൽ അവരൊന്നും തന്നെ ഇന്ത്യയെപ്പോലെ ശക്തരല്ല.”- ഹർഭജൻ പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യൻ മുൻനിര അല്പം കൂടി സംയമനത്തോടെ കളിക്കേണ്ടതുണ്ട് എന്ന് ഹർഭജൻ പറയുന്നു. “ഓപ്പണിങ് കൂട്ടുകെട്ട് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പാക്കിസ്ഥാനെതിരെ ഇന്ത്യ 31ന് 4 എന്ന നിലയിൽ നിന്നാണ് കരകയറിയത്. എല്ലാ മത്സരങ്ങളിലും ഇങ്ങനെയൊരു തിരിച്ചുവരവ് സാധിച്ചുവെന്ന് വരില്ല.”- ഹർഭജൻ കൂട്ടിച്ചേർത്തു.

   

“ആദ്യ ആറ് ഓവറുകളിൽ വിക്കറ്റ് നഷ്ടം കൂടാതെ കളിക്കുക എന്നത് വളരെ നിർണായകമാണ്. പവർപ്ലെയിൽ 50 റൺസ് നേടാനായില്ലെങ്കിലും ഒരു 35-45 റൺസ് നമുക്ക് നേടാൻ സാധിക്കണം.”- ഹർഭജൻ പറഞ്ഞുവെക്കുന്നു. നാളെയാണ് ഇന്ത്യയുടെ നെതർലൻസിനെതിരായ സൂപ്പർ 12ലെ മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *