ഇന്ത്യക്കായി ഈ വർഷം ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള ബാറ്ററാണ് സൂര്യകുമാർ യാദവ്. ഈ വർഷം ട്വന്റി20യിൽ സൂര്യ ആറാടുകയായിരുന്നു. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു സൂര്യകുമാർ തന്റെ രണ്ടാം ട്വന്റി20 സെഞ്ച്വറി നേടിയത്. മത്സരത്തിൽ 51 പന്തുകളിൽ 111 റൺസ് സൂര്യകുമാർ നേടുകയുണ്ടായി. ഈ ഇന്നിംഗ്സിനെ പറ്റിയാണ് ഓസ്ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്സ്വെൽ സംസാരിക്കുന്നത്.
ന്യൂസിലാൻഡിനെതിരായ രണ്ടാം മത്സരത്തിലെ സൂര്യയുടെ സെഞ്ച്വറി തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ഗ്ലെൻ മാക്സ്വൽ പറയുന്നത്. “മത്സരം സജീവമായിരുന്നോ എന്നെനിക്കറിയില്ലായിരുന്നു. എന്നാൽ പിന്നീട് ഞാൻ സ്കോർബോർഡ് നോക്കി. ശേഷം അതിന്റെ ചിത്രം ആരോൺ ഫിഞ്ചിന് അയച്ചു നൽകി. ശേഷം ചോദിച്ചു ‘എന്താണ് അയാൾ ചെയ്യുന്നത്’. അയാൾ പൂർണമായും മറ്റൊരു ഗ്രഹത്തിലാണ് ബാറ്റ് ചെയ്യുന്നത്. മത്സരത്തിലെ ബാക്കിയുള്ളവരുടെ സ്കോർ നോക്കൂ. സൂര്യ നേടിയത് 51 പന്തുകളിൽ 111 റൺസാണ് മാക്സ്വെൽ പറഞ്ഞു.
“മത്സരത്തിന്റെ അടുത്തദിവസം സൂര്യയുടെ ഇന്നിങ്സിന്റെ റിപ്ലൈ ഞാൻ കണ്ടിരുന്നു. അത് കാണിച്ചത് മറ്റുള്ള ബാറ്റർമാരിൽ നിന്നൊക്കെ ഒരുപാട് മെച്ചമാണ് സൂര്യകുമാർ എന്നായിരുന്നു. അത് കാണാൻ തന്നെ പ്രയാസമാണ്. ഇന്ന് ക്രിക്കറ്റിൽ ഉള്ളവരെക്കാൾ ഒരുപാട് മെച്ചമാണ് സൂര്യ. “- മാക്സ്വെൽ കൂട്ടിച്ചേർക്കുന്നു.
2022ൽ ട്വന്റി20യിൽ 1164 റൺസാണ് സൂര്യകുമാർയാദവ് നേടിയിട്ടുള്ളത്. 46ന് മുകളിലാണ് സൂര്യകുമാറിന്റെ ശരാശരി. ഒപ്പം 187 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും യാദവിനുണ്ട്.