2022ലെ ട്വന്റി20 ലോകകപ്പിലേറ്റ പരാജയത്തിന് ശേഷം ഇന്ത്യയുടെ സീനിയർ താരങ്ങളൊക്കെയും ട്വന്റി20കളിൽ നിന്നും മാറി നിൽക്കുകയാണ് ഇപ്പോൾ രോഹിത്തും കോഹ്ലിയും രാഹുലുമടക്കമുള്ള താരങ്ങൾ കഴിഞ്ഞ രണ്ട് ട്വന്റി20 പരമ്പരകളും കളിച്ചിരുന്നില്ല. ഈ അവസരത്തിൽ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് നിലവിൽ ഇന്ത്യയുടെ നായകൻ. 2022ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഉപയോഗിച്ച സമീപന രീതിയിലെ പ്രശ്നങ്ങളെപ്പറ്റി ഹർദിക്ക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.
ലോകകപ്പിന് മുൻപ് ഇന്ത്യ ഉപയോഗിച്ച ആക്രമണപരമായ സമീപനം ലോകകപ്പിൽ ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടതായും പാണ്ഡ്യ പറയുന്നു. “ലോകകപ്പിന് മുൻപ് ഞങ്ങൾക്ക് പിഴവുകളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ഞങ്ങളുടെ ഘടനയും സമീപനവുമൊക്കെ കൃത്യമായിരുന്നു. എന്നാൽ ലോകകപ്പിൽ ഞങ്ങൾക്ക് ആവശ്യമായ രീതിയിൽ കാര്യങ്ങൾ നടന്നില്ല. ലോകകപ്പിന് മുൻപുണ്ടായിരുന്ന രീതിയിലായിരുന്നില്ല ഞങ്ങളുടെ സമീപനം.”- ഹർദിക് പാണ്ഡ്യ പറയുന്നു.
ഒപ്പം 2023ലേക്ക് വരുമ്പോൾ 50 ഓവർ ലോകകപ്പ് നേടുക എന്നത് തന്നെയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം എന്നും പാണ്ഡ്യ പറയുന്നു. “പുതുവർഷത്തിലെ ഏറ്റവും വലിയ ലക്ഷ്യം ലോകകപ്പ് വിജയിക്കുക എന്നത് തന്നെയാണ്. അതിലും വലിയ മറ്റൊരു ലക്ഷ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. തീർച്ചയായും ഞങ്ങൾക്ക് ലോകകപ്പ് വിജയിച്ചേ തീരു. ഞങ്ങളുടെ കപ്പാസിറ്റി വെച്ച് ഞങ്ങളെക്കൊണ്ട് ആവുന്നതൊക്കെ അതിനായി ചെയ്യും. കാര്യങ്ങൾ വളരെ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. പ്രതീക്ഷയിൽ തന്നെയാണ്.”- പാണ്ഡ്യ കൂട്ടിച്ചേർക്കുന്നു
കഴിഞ്ഞ 10 വർഷത്തിനിടെ ഒരു ഐസിസി ഇവന്റിൽ പോലും ജേതാക്കളാവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 2013ലെ ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു ഇന്ത്യ അവസാനമായി ജേതാക്കളായത്. ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നിരയായിരുന്നു അന്ന് കിരീടം സ്വന്തമാക്കിയത്.