ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും മറക്കാനാവാത്തതുമായ ഒന്നായിരുന്നു 2011ലെ 50 ഓവർ ലോകകപ്പ്. ധോണി എന്ന ക്യാപ്റ്റന്റെ കീഴിൽ ഇന്ത്യ 2011 ലോകകപ്പിൽ നിറഞ്ഞാടിയിരുന്നു. 28 വർഷത്തിനുശേഷം ഇന്ത്യയിലേക്ക് വീണ്ടും ഒരു 50 ഓവർ ലോകകപ്പ് എത്തിക്കാൻ ധോണിയും സച്ചിനും യുവരാജ്യം സേവാഗും ഹർഭജനുമോക്കെ അടങ്ങിയ നിരയ്ക്ക് സാധിച്ചു. ഈ അവസരത്തിന്റെ ഓർമ്മകൾ പുതുക്കുകയാണ് ഇന്ത്യയുടെ അന്നത്തെ ലോകകപ്പ് താരങ്ങൾ.
മുഴുവൻ ഇന്ത്യക്കാരുടെയും സ്വപ്നമാണ് 2011ൽ സാക്ഷാത്കരിക്കപ്പെട്ടത് എന്നാണ് ഇന്ത്യയുടെ ഓൾറൗണ്ടർ യുവരാജ് സിംഗ് പറയുന്നത്. “അത് കേവലം ഒരു ലോകകപ്പ് വിജയം മാത്രമായിരുന്നില്ല. ഒരുപാട് കോടി ജനങ്ങൾ കണ്ട സ്വപ്നമാണ് അന്ന് സാക്ഷാത്കരിക്കപ്പെട്ടത്. ഞങ്ങൾക്ക് രാജ്യത്തിനായും ഞങ്ങളുടെ സച്ചിൻ പാജിക്കായും ആ ലോകകപ്പ് നേടിയേ സാധിക്കുമായിരുന്നുള്ളൂ. ഇന്ത്യൻ ജഴ്സിയിൽ രാജ്യത്തിനായി വിജയം നേടുന്നതിൽ കൂടുതൽ അഭിമാനം മറ്റൊന്നുമല്ല.”- യുവരാജ് സിംഗ് പറയുന്നു.
“ഏപ്രിൽ 2- ഒരുപാട് കോടി ജനങ്ങൾ ആഹ്ളാദത്താൽ തുള്ളി ചാടിയ ദിവസം. ഞാൻ വീണ്ടും വീണ്ടും ഓർക്കുന്ന ഒരു രാത്രി തന്നെയാണിത്.”- ഇന്ത്യയുടെ സ്പിന്നർ ഹർഭജൻ സിംഗ് പറയുന്നു. ഇതോടൊപ്പം അന്നത്തെ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും എല്ലാ ഓർമ്മകളും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും ഇന്ത്യയുടെ ബോളർ മൂനാഫ് പട്ടേലും പറയുകയുണ്ടായി.
ഇന്ത്യയെ സംബന്ധിച്ച് വലിയ നിമിഷം തന്നെയായിരുന്നു 2011ലെ ലോകകപ്പ് വിജയം. ടൂർണ്ണമെന്റിലുടനീളം യുവരാജിന്റെ ഹീറോയിസമാണ് അന്ന് കണ്ടത്. ഒപ്പം ഒരു ടീം മുഴുവൻ ഒറ്റമനസ്സോടെ നിന്നപ്പോൾ ഇന്ത്യയ്ക്ക് അഭിമാനമായി മാറുകയായിരുന്നു. സച്ചിൻ എന്ന ഇതിഹാസത്തിനായി ധോണിപ്പട നേടിയ ലോകകപ്പായി 2011ലെ ലോകകപ്പ് എന്നെന്നും അറിയപ്പെടുന്നു.