നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ട്വന്റി20 ബാറ്ററാര് എന്ന ചോദ്യത്തിന് സൂര്യകുമാർ യാദവ് എന്നതല്ലാതെ മറ്റൊരു ഉത്തരമില്ല. 2022 ലോകകപ്പിൽ അഞ്ചു മത്സരങ്ങളിൽ നിന്നായി 225 റൺസ് സൂര്യകുമാർ ഇതുവരെ നേടിയിട്ടുണ്ട്. അതും 193 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റിൽ. മത്സരങ്ങളിലെ തന്റെ ആക്രമണപരമായ സമീപനങ്ങളെപ്പറ്റി സൂര്യകുമാർ സംസാരിക്കുകയുണ്ടായി.
തന്റെ ഇന്നിങ്സിലെ വ്യത്യസ്ഥമായ ഷോട്ടുകളെ പറ്റിയാണ് സൂര്യകുമാർ സംസാരിച്ചത്. “ഇത്തരം ഷോട്ടുകൾ കളിക്കുമ്പോൾ പലപ്പോഴും ഞാൻ വിജയം കാണാറുണ്ട്. പരാജയപ്പെടുന്നത് ചുരുക്കം ചില സാഹചര്യങ്ങളിൽ മാത്രമാണ്. അതിനാൽതന്നെ ഇത്തരം ഷോട്ടുകൾ കളിക്കുമ്പോൾ എന്റെ ആത്മവിശ്വാസം ഉയർന്ന നിലവാരത്തിലാണ്. ക്രീസിലെത്തിയ ഉടനെ ഞാൻ ഇത് തുടരാനാണ് ശ്രമിക്കുന്നതും.”- സൂര്യകുമാർ യാദവ് തന്റെ ഷോട്ടുകളെ പറ്റി പറഞ്ഞു. ഇതോടൊപ്പം ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ മുൻപ് കളിച്ചിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് ഇത്രയധികം ഷോട്ടുകൾ അനായാസം കളിക്കാൻ സാധിക്കുന്നത് എന്നതിനെപ്പറ്റിയും സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.
“എല്ലാവരും എന്നോട് ചോദിക്കാനുള്ള ഒരു ചോദ്യമുണ്ട് മുൻപ് ഓസ്ട്രേലിയയിലെ ഫാസ്റ്റ് ട്രാക്കുകളിലും ബൗൺസിംഗ് വിക്കറ്റുകളിലും വലിയ ഗ്രൗണ്ടുകളിലും കളിക്കാത്ത ഞാൻ എങ്ങനെയാണ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത് എന്ന്. അതിനുള്ള എന്റെ മറുപടി ഇതാണ്. ഞാൻ വാങ്കഡേയിലെ ബൗൺസുള്ള വിക്കറ്റിലാണ് പരിശീലനങ്ങൾ നടത്തിയത്. അവിടുത്തെ മൈതാനം വലുതല്ലെങ്കിലും ഓസ്ട്രേലിയയിലേതിന് സമാനമായ ബൗൺസ് അവിടെ ലഭിക്കും. അവർ എനിക്ക് നല്ല ഫാസ്റ്റ് ട്രാക്കുകൾ തന്നെ നിർമ്മിച്ചു നൽകിയിരുന്നു.”- സൂര്യകുമാർ കൂട്ടിച്ചേർക്കുന്നു.
വാങ്കഡേയിൽ നടത്തിയ പരിശീലനങ്ങളും മറ്റും ഓസ്ട്രേലിയയിൽ തനിക്ക് വലിയ രീതിയിൽ സഹായകരമായിട്ടുണ്ട് എന്നാണ് സൂര്യകുമാർ യാദവ് പറയുന്നത്. മാത്രമല്ല ഓസ്ട്രേലിയയിലെ മൈതാനങ്ങൾ വലുതായതിനാൽ തന്നെ കൃത്യമായി ഗ്യാപ്പ് കണ്ടെത്താനും നന്നായി ഓടി റൺസെടുക്കുന്നതിലും താൻ ശ്രദ്ധിക്കുന്നുണ്ട് എന്നും സൂര്യകുമാർ പറയുന്നു. തുടർന്നുള്ള മത്സരങ്ങളിലും തന്റെ ഈ മികച്ച പ്രകടനങ്ങൾ തുടരാനാണ് ശ്രമിക്കുന്നതെന്നും സൂര്യകുമാർ സൂചിപ്പിക്കുകയുണ്ടായി.