പേസ് ബോളർമാർക്കായി തങ്ങളുടെ ബിസിനസ് ക്ലാസ്സ് സീറ്റുകൾ വിട്ടുനൽകി!! മാതൃകയായി ഇന്ത്യൻ താരങ്ങൾ!!
ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി കളിക്കാർക്കേറ്റ പരിക്ക് തന്നെയായിരുന്നു. ലോകകപ്പിന് തൊട്ടുമുൻപ് സ്റ്റാർ പേസർ ജസ്‌പ്രിറ്റ് ബുമ്രയ്ക്കും ജഡേജയ്ക്കും പരിക്കുപറ്റിയത് ഇന്ത്യയെ ബാധിച്ചിരുന്നു. കഴിഞ്ഞ കുറച്ചധികം സമയമായി പേസർമാർക്ക് പരിക്ക് പറ്റുന്നത് സ്ഥിരം കാഴ്ച തന്നെയാണ്. എന്നാൽ ലോകകപ്പ് മത്സരങ്ങളിൽ എല്ലാ പേസർമാരുടെയും ആരോഗ്യവും ഫിറ്റ്നസും സംരക്ഷിക്കുന്നതിൽ വ്യക്തമായ തീരുമാനവുമായി മുൻപിലേക്ക് വന്നിരിക്കുകയാണ് ഇന്ത്യയുടെ ടീം മാനേജ്മെന്റ്. തങ്ങളുടെ മൈലുകൾ താണ്ടിയുള്ള വിമാനയാത്രകൾക്കിടയിൽ തങ്ങളുടെ പേസ് ബോളർമാർക്ക് അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള തന്ത്രമാണ് ഇന്ത്യ പ്രയോഗിക്കുന്നത്.
ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയിലുള്ള യാത്രയിൽ ഇന്ത്യയുടെ ഹെഡ്കോച്ച് രാഹുൽ ദ്രാവിഡും സൂപ്പർസ്റ്റാർ ബാറ്റർമാരായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഫ്ലൈറ്റിലെ തങ്ങളുടെ ബിസിനസ് ക്ലാസ് സീറ്റുകൾ ഇന്ത്യൻ പേസർമാർക്ക് നൽകുകയുണ്ടായി. മുഹമ്മദ് ഷാമി, അർഷദീപ് സിംഗ്, ഭൂവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ എന്നിവർക്കാണ് ബിസിനസ് ക്ലാസ് സീറ്റുകൾ നൽകിയത്. പേസർമാർക്ക് മത്സരത്തിനിടയുള്ള വിശ്രമത്തിനും, മറ്റു പരിക്കുകളില്ലാതെ മത്സരത്തിൽ അണിനിരക്കാനുമാണ് ബിസിനസ് ക്ലാസ് സീറ്റുകൾ പേസർമാർക്ക് നൽകിയത്.
മുൻപ് ഇന്ത്യയുടെ ടീമിലെ സപ്പോർട്ടിംഗ് സ്റ്റാഫ് മെമ്പർമാരിൽ ഒരാൾ ഈ തന്ത്രത്തെപ്പറ്റി പറഞ്ഞിരുന്നു. “ടൂർണമെന്റിനു മുൻപ് തന്നെ ഞങ്ങൾ ഇത് തീരുമാനിച്ചിരുന്നു. മത്സരത്തിൽ പേസ് ബോളർമാർക്ക് അവരുടെ മുഴുവൻ മൈലേജും പുറത്തെടുക്കാൻ സാധിക്കണം എന്നതിൽ ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽതന്നെ അവരുടെ കാലിനും മറ്റും നല്ല രീതിയിൽ ആശ്വാസം ആവശ്യമാണ്.”- സപ്പോർട്ടിംഗ് സ്റ്റാഫ് പറഞ്ഞു.
ഐസിസിയുടെ നിയമപ്രകാരം എല്ലാ ടീമിലെയും നാല് കളിക്കാർക്കാണ് ബിസിനസ് ക്ലാസ് സീറ്റുകൾ നൽകാറുള്ളത്. സാധാരണയായി ടീമുകൾ തങ്ങളുടെ കോച്ചിനെയും ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ടീം മാനേജറെയുമാണ് ബിസിനസ് ക്ലാസിൽ ഉൾപ്പെടുത്താറുള്ളത്. എന്നാൽ തങ്ങളുടെ ടീമിലെ ഏറ്റവുമധികം കഠിനപ്രയത്നം നടത്തുന്ന പേസ് ബോളർമാർക്കായി ബിസിനസ് ക്ലാസ് സീറ്റുകൾ മാറ്റിവെച്ച് ഇന്ത്യൻ ടീം മാതൃകാപരമായ കാര്യം തന്നെയാണ് ചെയ്തിരിക്കുന്നത്.