എല്ലാത്തിനുമുള്ള മറുപടി നൽകാൻ ഇന്ന് ഇന്ത്യ ഇറങ്ങും രണ്ടാമങ്കത്തിൽ തീ പാറും

   

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. ആദ്യമത്സരത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് തങ്ങളുടെ വിജയ വഴിയിലേക്ക് തിരിച്ചുവരാനുള്ള അവസരംകൂടിയാണ് രണ്ടാം ട്വന്റി20. ഏഷ്യാകപ്പ് മുതൽ തുടർച്ചയായ പരാജയങ്ങളാണ് ഇന്ത്യ ഏറ്റുവാങ്ങുന്നത്. ഏഷ്യാക്കപ്പിലെ സൂപ്പർ 4 മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോടും ശ്രീലങ്കയോടും പരാജയപ്പെട്ടിരുന്നു. പിന്നീട് ഓസ്ട്രേലിയക്കെതിരെ ആദ്യമത്സരത്തിലും പരാജയപ്പെട്ടതോടെ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇതിനുള്ള മറുപടി നൽകാനാകും ഇന്ത്യ ഇന്നിറങ്ങുക.

   

ഇന്ത്യയുടെ മൂർച്ച കുറഞ്ഞ ബോളിംഗ് തന്നെയായിരുന്നു കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പരാജയത്തിന് വലിയ കാരണമായത്. ഭുവനേശ്വർ കുമാർ നയിക്കുന്ന സിം ബോളിംഗ് നിര അവസാനഓവറുകളിൽ കൃത്യമായി യോർക്കറുകൾ കണ്ടെത്തുന്നതിൽ വിഷമിച്ചിരുന്നു. മാത്രമല്ല ഫീൽഡിൽ ഒരുപാട് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതും ഇന്ത്യൻ ടീമിനെ ബാധിച്ചു. ഇതിനൊക്കെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിൽ തന്നെയാണ് ഇന്ത്യ.

   

ഇതിനകം തന്നെ ഇന്ത്യയുടെ തന്ത്രങ്ങൾ സംബന്ധിച്ച് ഒരുപാട് വിമർശനങ്ങൾ വന്നിട്ടുണ്ട്. ആദ്യ ഏകദിനത്തിൽ ഉമേഷ്‌ യാദവിനെ ഉൾപ്പെടുത്തിയതും പത്തൊമ്പതാമത്തെ ഓവറിൽ ഭുവനേശ്വർ വീണ്ടും റൺസ് വിട്ടുനൽകിയതും ചർച്ചാവിഷയമായിരുന്നു. ബോളർമാർ സംയമനപൂർവ്വം കളിക്കുക എന്നത് തന്നെയാണ് രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് വിജയത്തിനുള്ള മാർഗ്ഗം. ആദ്യ മത്സരത്തിൽ 200ലധികം റൺസ് നേടിയിട്ടും പ്രതിരോധിക്കാൻ ബോളർമാർക്ക് സാധിക്കാതെ പോയത് ദൗർഭാഗ്യം തന്നെയാണ്.

   

ഇന്ന് വൈകിട്ട് 7 മണിക്ക് നാഗ്പൂരിലാണ് മത്സരം നടക്കുക. ഇന്ന് പരാജയമറിഞ്ഞാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുമെന്നിരിക്കെ എന്തുവിലകൊടുത്തും വിജയവഴിയിൽ തിരിച്ചുവരാൻ ശ്രമിക്കുകയാണ് രോഹിതും കൂട്ടരും. അതിനാൽ തന്നെ മത്സരം ആവേശമുണർത്തുമെന്ന് ഉറപ്പാണ്. മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ബുമ്ര കളിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *