മത്സരത്തിൽ വഴിത്തിരിവായത് ആ 2 സിക്സറുകൾ!! ഇന്ത്യ അല്ലെങ്കിൽ പെട്ടേനെ – മുൻ താരം.

   

ശ്രീലങ്കയ്ക്കെതിരായ ആദ്യമത്സരത്തിൽ ആവേശോജ്ജ്വലമായ വിജയം കരസ്ഥമാക്കിയതോടെ ഇന്ത്യൻ യുവനിര വലിയ ആത്മവിശ്വാസത്തിലാണ്. പുതിയ ലുക്കുള്ള ടീമുമായി മത്സരത്തിൽ അണിനിരന്ന ഇന്ത്യയ്ക്ക് എന്തുകൊണ്ടും ഒരുപാട് പോസിറ്റീവുകൾ ഉണ്ടായിരുന്നു. എന്നാൽ ബാറ്റിംഗിൽ മുൻനിരയുടെ തകർച്ച ഇന്ത്യയെ ആശങ്കയിലാക്കുന്നു. ആദ്യ ട്വന്റി20യിൽ മത്സരത്തെ ഇന്ത്യയുടെ വഴിയിലെത്തിച്ചത് പതിനേഴാം ഓവറിൽ ദീപക് ഹൂഡ മഹേഷ് തീക്ഷണയ്ക്കെതിരെ നേടിയ രണ്ടു സിക്സറുകളാണ് എന്നാണ് ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.

   

“മത്സരത്തിലെ വഴിത്തിരിവ് മഹേഷ് തീക്ഷണയുടെ ഓവറിൽ ദീപക് ഹൂഡ നേടിയ ആ രണ്ട് സിക്സറുകളായിരുന്നു. ആ ഓവറിന്റെ സമയത്ത് വരെ ശ്രീലങ്കയുടെ ബോളർമാരായിരുന്നു കളംനിറഞ്ഞത്. അതൊരു നിർണായകമായ ഓവറുമായിരുന്നു. പതിനേഴാം ഓവറിൽ ആ രണ്ട് സിക്സറുകൾ കൂടെ നേടിയതോടെ മത്സരത്തിന്റെ ആകെ ഘടന മാറിമറിഞ്ഞു.”- സാബാ കരീം പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യ ഹൂഡയെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കരീം സംസാരിച്ചു. “ഹൂഡയ്ക്ക് ഫിനിഷറുടെ റോൾ നൽകാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. പക്ഷേ അയാൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ ഇന്ത്യ തയ്യാറാവണം. കാരണം ഈ പൊസിഷനിൽ ബാറ്റ് ചെയ്യുമ്പോൾ ചില സമയങ്ങളിൽ ഹൂഡ പരാജയപ്പെടാൻ സാധ്യതയുണ്ട്. അതിനാൽതന്നെ അയാളെ പിന്തുണയ്ക്കേണ്ടത് ആവശ്യമാണ്. അയാൾക്ക് ബോളിങ്ങിലും സംഭാവനകൾ നൽകാൻ സാധിക്കും.”- സാബാ കരീം പറഞ്ഞുവെക്കുന്നു.

   

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനങ്ങളാണ് ഹൂഡ കാഴ്ചവച്ചിട്ടുള്ളത്. രഞ്ജി ട്രോഫിയുടെ ഈ സീസണിൽ മൂന്നു മത്സരങ്ങളിൽ നിന്നായി 382 റൺസ് രാജസ്ഥാനായി ദീപക് ഹൂഡ നേടിയിട്ടുണ്ട്. ഇന്ത്യൻ ടീമിലും ഹൂഡ ഇത് ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *