ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും പരാജയമെറ്റുവാങ്ങിയതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായിട്ടുണ്ട്. ആദ്യമത്സരത്തിൽ മെഹദി ഹസന്റെ ഹീറോയിസത്തിൽ ഇന്ത്യയ്ക്ക് അടിതെറ്റിയപ്പോൾ രണ്ടാം ഏകദിനത്തിലും അതേ മെഹദി ഹസൻ തന്നെ വില്ലനായി. ഒരു സമയത്ത് 69ന് 6 എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ ഒരു തകർപ്പൻ സെഞ്ചുറിയോടെ മെഹദി ഹസൻ രക്ഷിച്ചു. മത്സരശേഷം ഇതേപ്പറ്റിയാണ് രോഹിത് ശർമ സംസാരിച്ചത്.
“ഒരു മത്സരം പരാജയപ്പെടുമ്പോൾ അതിൽ പോസിറ്റീവുകളും നെഗറ്റീവുകളും ഉണ്ടാകും. 69ന് 6 എന്ന നിലയിൽ നിന്ന് 270ലധികം റൺസ് നേടാൻ ബംഗ്ലാദേശിനെ സഹായിച്ചത് ഞങ്ങളുടെ ബോളിങ്ങിലെ പ്രശ്നം തന്നെയാണ്. ഞങ്ങൾ ബോളിംഗ് തുടങ്ങിയത് നന്നായിയാണ്. മധ്യ ഓവറുകളിലും ഭേദപ്പെട്ട പ്രകടനം തന്നെയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ വീണ്ടും പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.”- രോഹിത് ശർമ പറയുന്നു.
“മെഹദി ഹസനും മുഹമ്മദുള്ളയും വളരെ മികച്ച ഇന്നിങ്സുകളാണ് മത്സരത്തിൽ കാഴ്ചവച്ചത്. ഒരു മികച്ച കൂട്ടുകെട്ട് ഇരുവരും ഉണ്ടാക്കി. അതു തകർക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഏകദിനങ്ങളിൽ ഇത്തരം കൂട്ടുകെട്ടുകൾക്ക് വലിയ വിലയുണ്ട്. ഇത്തരം കൂട്ടുകെട്ടുകൾ മാച്ച് വിന്നിങ് പാർണർഷിപ്പുകളായി മാറ്റാനും സാധിക്കണം. അതാണ് അവർ ചെയ്തതും.”- രോഹിത് കൂട്ടിച്ചേർത്തു.
“പരിക്കിന്റെ കുറച്ച് പ്രശ്നങ്ങൾ ടീമിലുണ്ട്. അത് പരിശോധിക്കണം. ഇന്ത്യയ്ക്കായി കളിക്കുമ്പോൾ എല്ലാവരും തങ്ങളുടെ 100% നൽകുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. ഒപ്പം അവരുടെ ജോലിഭാരവും പരിഗണിക്കേണ്ടതുണ്ട്. കാരണം പൂർണമായും ഫിറ്റ് അല്ലാത്തവരാരും രാജ്യത്തിനായി കളിക്കാൻ പാടില്ല.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.