റെക്കോർഡുകൾ തകർത്ത് ഹിറ്റ്മാന്റെ തേരോട്ടം തിരിച്ചുവരവിന്റെ മാരകവേർഷൻ ഇത്

   

റെക്കോർഡുകൾ ഭേദിച്ച രോഹിത് ശർമയുടെ വിളയാട്ടമായിരുന്നു ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20യിൽ കണ്ടത്. കഴിഞ്ഞ ഏഷ്യാകപ്പിലടക്കം മികച്ച തുടക്കങ്ങൾ ഇന്ത്യൻ ടീമിന് നൽകിയപ്പോഴും ഇന്നിംഗ്സിൽ വലിയ സ്കോർ നേടാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ഈ വിമർശനങ്ങൾക്കുള്ള മറുപടിയാണ് രോഹിത് മത്സരത്തിൽ നൽകിയത്. മത്സരത്തിലെ വെടിക്കെട്ടിലൂടെ ഏറ്റവുമധികം ട്വന്റി20 അന്താരാഷ്ട്ര സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കുകയുണ്ടായി.

   

മഴ മൂലം വളരെ വൈകിയാണ് ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരം ആരംഭിച്ചത്. അതിനാൽതന്നെ പിച്ചിന്റെ സാഹചര്യങ്ങൾ സംബന്ധിച്ചും ഒരുപാട് ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഇക്കാരണങ്ങളാൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 8 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ എല്ലാ ബാറ്റർമാരും ആഞ്ഞടിക്കാൻ തന്നെയായിരുന്നു ഇറങ്ങിയത്. എന്നാൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ ക്യാമറോൺ ഗ്രീനിനെ റൺഔട്ടാക്കി വിരാട് കോഹ്‌ലി കളി ആവേശത്തിലാക്കി.

   

തൊട്ടുപിന്നാലെ ഗ്ലെൻ മാക്സ്വെലിനെ അക്ഷർ പട്ടേൽ പൂജ്യനാക്കി മടക്കിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. എന്നാൽ ഒരു വശത്ത് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (31) അടിച്ചുതകർക്കുകയും, അവസാന ഓവറുകളിൽ മാത്യു വെയ്ഡ് (43) വെടിക്കെട്ട് നടത്തുകയും ചെയ്തതോടെ ഓസീസ് സ്കോർ നിശ്ചിത 8 ഓവറുകളിൽ 90ൽ എത്തി. മറുപടി ബാറ്റിങ്ങിൽ രണ്ടുംകൽപ്പിച്ച് തന്നെയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ തുടങ്ങിയത്.ആദ്യ ഓവർ മുതൽ രോഹിത് സിക്സർ മഴ പെയ്യിച്ചു. മറുവശത്ത് രാഹുലിനും(10) കോഹ്‌ലിക്കും (11) വലുതായി ഒന്നും ചെയ്യാൻ സാധിച്ചില്ല.

   

നിർണായക സമയത്ത് സൂര്യ കുമാർ യാദവ് പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ അല്പം പതുങ്ങി. എന്നാൽ രോഹിത് ഒരു കാട്ടുതീയായി ഓസീസിനെതിരെ ആഞ്ഞടിച്ചു. 20 പന്തുകളിൽ നാലു ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെ 46 റൺസായിരുന്നു രോഹിത് മത്സരത്തിൽ നേടിയത്. അവസാന ഓവറിൽ ജയിക്കാൻ ഒൻപത് റൺസ് വേണമെന്നിരിക്കെ ഇന്ത്യയ്ക്കായി ദിനേശ് കാർത്തിക് ഒരു തകർപ്പൻ സിക്സറും ഒരു ബൗണ്ടറിയും നേടി ഇന്നിങ്സ് ഫിനിഷ് ചെയ്തു. മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *