ബുമ്രക്ക് ശേഷം പരിക്കുമായി മറ്റൊരു ഇന്ത്യൻ ബോളർകൂടെ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ സീം ബോളിംഗ് ഓൾറൗണ്ടർ ദീപക് ചാഹറിന് കണംകാലിനാണ് പരിക്കേറ്റിരിക്കുന്നത്. അതിനാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ നിന്ന് ചാഹറിനെ ഒഴിവാക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. എന്നിരുന്നാലും വലിയ ഗുരുതരമായ പരിക്കില്ല ദീപക് ചാഹറിന് പറ്റിയിരിക്കുന്നത്. അതിനാൽ തന്നെ കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം ചാഹറിന് ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്നാണ് വിചാരിക്കുന്നത്.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പായിരുന്നു ചാഹറിന് പരിക്ക് പറ്റിയത്. മത്സരത്തിൽ ദീപക് ചാഹർ കളിച്ചിരുന്നില്ല. ഒരു ബിസിസിഐ ഉറവിടം പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചാഹറിന്റെ പരിക്കിനെപറ്റി സംസാരിച്ചത്. ” ദീപക്കിന് കണംകാലിന് പരിക്കേറ്റിട്ടുണ്ട്. പക്ഷേ അത് ഗുരുതരമായ പരിക്കല്ല. കുറച്ചു ദിവസത്തെ വിശ്രമം അയാൾക്ക് ആവശ്യമാണ്. “- ബിസിസിഐ ഓഫീഷ്യൽ അറിയിച്ചു.
ലോകകപ്പ് ട്വന്റി20 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ചാഹറിന്റെ ഈ പരിക്ക് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലെ സ്റ്റാൻഡ് ബൈ കളിക്കാരനാണ് ചാഹർ. ഇതോടെ ചാഹറിന്റെ ബാക്കപ്പായി മറ്റൊരു കളിക്കാരനെ കൂടി സ്‌ക്വാഡിൽ ഉൾപ്പെടുത്തേണ്ടി വന്നിരിക്കുകയാണ് ഇന്ത്യയ്ക്ക്. “ഇപ്പോൾ ദീപക് ചാഹറിനെ ടീമിൽ കളിപ്പിച്ച് റിസ്കെടുക്കണോ എന്നത് ടീം മാനേജ്മെന്റിന്റെ തീരുമാനമാണ്. ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ അത് വലിയ റിസ്ക് തന്നെയാണ്.”- ബിസിസിഐ ഓഫീഷ്യൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് ലോകകപ്പിനുള്ള മെയിൻ സ്‌ക്വാഡിലെ ഇന്ത്യൻ കളിക്കാർ ഓസ്ട്രേലിയയിൽ എത്തിയത്. പരിക്കുപറ്റിയ ബുംറയുടെ അഭാവത്തിൽ പതിനാലംഗ ടീമാണ് ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. ബുമ്രയുടെ പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.